ആപ്പിൾ ഐ ഫോൺ ഇപ്പോൾ ഇന്ത്യയിൽ എന്നത്തേക്കാളും ജനപ്രിയമാണ്. ആപ്പിളിനൊപ്പം രാജ്യത്തെ വിശ്വസനീയ ബ്രാന്റ് കൂടി ചേരുമ്പോഴോ? ഐഫോൺ പ്രേമികളുടെ പ്രതീക്ഷ വാനോളം ഉയർത്തി ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ അസംബ്ലി പ്ലാന്റുകളിലൊന്ന് നിർമ്മിക്കാൻ പദ്ധതിയിട്ട് ടാറ്റ ഗ്രൂപ്പ്. തമിഴ്‌നാട്ടിലെ ഹൊസൂരിൽ ഫാക്ടറി നിർമ്മിക്കാൻ ആണ് ടാറ്റയുടെ പദ്ധതി. പ്ലാന്റിൽ ഏകദേശം 20 അസംബ്ലി ലൈനുകൾ ഉണ്ടായിരിക്കുമെന്നാണ് സൂചന. രണ്ട് വർഷത്തിനുള്ളിൽ 50,000 തൊഴിലാളികൾക്ക് തൊഴിലവസരം ലഭിക്കുന്നതായിരിക്കും പദ്ധതി. 12 മുതൽ 18 മാസത്തിനുള്ളിൽ ഫാക്ടറി പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യം.
ടാറ്റയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തി വിതരണ ശൃംഖല മെച്ചപ്പെടുത്താനുള്ള ആപ്പിളിന്റെ ശ്രമങ്ങൾക്ക് പ്ലാന്റ് ശക്തി പകരും. ചൈനയിൽ നിന്ന് മാറി ഇന്ത്യ, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുള്ള അസംബ്ലി, ഘടക നിർമ്മാണ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ശ്രമത്തിലാണ് ആപ്പിൾ . ആപ്പിൾ ഉൽപ്പന്നങ്ങളുടെ 100 റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്. അതിന്റെ ഭാഗമായി, ആപ്പിൾ രാജ്യത്ത് രണ്ട് സ്റ്റോറുകൾ തുറന്നിരുന്നു. മൂന്ന് സ്റ്റോറുകൾ കൂടി ഉടനെ പ്രവർത്തനം തുടങ്ങും.
ആഗോളതലത്തിൽ ഐഫോൺ ഫാക്ടറികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടത്തരം വലിപ്പമുള്ളതായിരിക്കും പുതിയ പ്ലാന്റ്. ആപ്പിളും വിതരണക്കാരും അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ പ്രതിവർഷം 50 ദശലക്ഷത്തിലധികം ഐഫോണുകൾ നിർമ്മിക്കാൻ ആണ് ലക്ഷ്യമിടുന്നത്. തുടർന്നുള്ള കാലയളവിൽ ദശലക്ഷക്കണക്കിന് അധിക യൂണിറ്റുകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. ടാറ്റ ഗ്രൂപ്പ് ഇതിനകം തന്നെ കർണാടകയിൽ വിൻസ്ട്രോണിൽ നിന്ന് ഏറ്റെടുത്ത ഫാക്ടറിയിൽ പുതിയ ആപ്പിൾ ഐഫോണുകൾ നിർമ്മിക്കുന്നുണ്ട്.