ട്വിറ്ററിന് പിന്നാലെ പണം നൽകി വെരിഫിക്കേഷൻ വാങ്ങുന്നതിനുള്ള പദ്ധതി ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഓസ്‌ട്രേലിയക്കും ന്യൂസിലാൻഡിനും അമേരിക്കക്കും ശേഷം പദ്ധതി ഇന്ത്യയിൽ അവതരിപ്പിക്കാനാണ് മെറ്റയുടെ നീക്കം എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. മെറ്റ വെരിഫൈഡ് എന്ന് അറിയപ്പെടുന്ന പദ്ധതിക്ക് അമേരിക്കയിൽ 14.99 ഡോളറുകളാണ് വില. നിലവിൽ മെറ്റയുടെ ഇന്ത്യൻ ഉപഭോക്താക്കൾക്കായി വെയ്റ്റിംഗ് ലിസ്റ്റ് പദ്ധതി ആരംഭിട്ടുണ്ട്. മെറ്റ വെരിഫിക്കേഷൻ വേണ്ടവർക്ക് ഇപ്പോൾ വെയിറ്റ് ലിസ്റ്റിൽ രജിസ്റ്റർ ചെയ്ത് വെക്കാം. Meta verified India pricing for blue tick revealed
ഇന്ത്യയിൽ മൊബൈൽ ഉപഭോക്താക്കൾക്ക് മെറ്റ വെരിഫിക്കേഷൻ ഒരു മാസം 1450 രൂപയ്ക്ക് ലഭിക്കും. വെബ് ബ്രൗസേർസ് ഉപഭോക്താക്കൾക്കാകട്ടെ 1099 രൂപക്കും വെരിഫിക്കേഷൻ വാങ്ങാം. പരീക്ഷണ ഘട്ടത്തിലുള്ള പദ്ധതി പൂർത്തിയാകുന്നതോടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം ഹാൻഡിലുകൾ വെരിഫൈ ചെയ്യാം. ബ്ലൂ ടിക്കിനൊപ്പം തന്നെ അക്കൗണ്ടുകളുടെ സുരക്ഷാ വർധിപ്പിക്കാനും സാധിക്കും. കൂടാതെ, വെരിഫിക്കേഷൻ ചെയ്യുന്നതിന് സർക്കാർ അംഗീകൃത ഐഡികൾ ആവശ്യമുള്ളതിനാൽ വ്യാജ അക്കൗണ്ടുകളിൽ നിന്നും സംരക്ഷണം നൽകുവാനും സാധിക്കും.
പതിനെട്ട് വയസ്സിന് മുകളിലുള്ള വ്യക്തിഗത അക്കൗണ്ടുകൾക്ക് മാത്രമാണ് നിലവിൽ മെറ്റ വെരിഫിക്കേഷനുള്ള അവസരം കൊടുക്കുന്നത്. വെരിഫിക്കേഷനിലൂടെ കൂടുതൽ മികച്ച ഉപഭോക്ത പിന്തുണയും കൂടുതൽ റീച്ചും ലഭിക്കും. എലോൺ മാസ്കിന്റെ കീഴിലുള്ള ട്വിറ്റർ സമാനമായ പദ്ധതി നേരത്തെ കൊണ്ടുവന്നിരുന്നു. ആ പാത പിന്തുടരുകയാണ് മെറ്റ.