ന്യൂഡൽഹി: സോഷ്യൽ മീഡിയ ഉപഭോക്താക്കളെ ഞെട്ടിച്ച് ഇലോൺ മസ്‌ക്. സോഷ്യൽ നെറ്റ്‌വർക്കിംഗ് കമ്പനിയായ ട്വിറ്ററിന്റെ ലോഗോ നീല പക്ഷിയ്‌ക്ക് പകരം ഇനി ഡോഗെ മെമ്മെ. ട്വിറ്ററിന്റെ ഉടമസ്ഥാവകാശം മസ്‌ക് ഏറ്റെടുത്ത ശേഷം അടിയ്‌ക്കടി ട്വിറ്ററിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ട്വിറ്ററിന്റെ ലോഗോ തന്നെ മാറ്റി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ ലോഗോയായ നീലപക്ഷി അപ്രത്യക്ഷമായിരിക്കുന്നു. പകരം പുതിയ ലോഗോയായി നായ ഇനി മുതൽ തുടരുമെന്നാണ് പുറത്ത് വരുന്ന വിവരം. ട്വിറ്ററിലൂടെയാണ് ഇലോൺ മസ്‌ക് പുതിയ ലോഗോ മാറ്റം അറിയിച്ചത്.
ഇന്നലെ രാത്രി മുതലാണ് ലോഗോ മാറ്റം ഉപയോക്താക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. പെട്ടെന്നുള്ള മാറ്റത്തിന്റെ കാരണങ്ങൾ ഉപയോക്താക്കൾ അന്വേഷിക്കുന്നതിനിടെയാണ് ട്വിറ്റർ പോസ്റ്റിലൂടെ മസ്‌ക് രംഗത്തെത്തിയത്. രാത്രി 12 മണിയോടെ മസ്‌ക് ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. ഒരു നായ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുകയും ട്രാഫിക് പോലീസിനെ തന്റെ ലൈസൻസ് കാണിക്കുകയും ചെയ്യുന്നു. ലൈസൻസിൻ നീല പക്ഷിയായ ട്വിറ്ററിന്റെ പഴയ ലോഗോയാണ് കാണുന്നത്. ‘ഇതൊരു പഴയ ചിത്രമാണ്’ എന്ന ഡയലോഗും മസ്‌കിന്റെ ട്വിറ്റർ പോസ്റ്റിൽ കാണാം.
മസ്‌ക് നേരത്തെയും ലോഗോ മാറ്റുന്നതിനെ കുറിച്ച് സൂചനകൾ നൽകിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ അദ്ദേഹം ഒരു ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു. ‘ട്വിറ്ററിന്റെ പുതിയ സിഇഒ വളരെ നല്ലതാണ്’ എന്ന അടിക്കുറിപ്പോടുകൂടിയാണ് മസ്്ക് പോസ്റ്റ് ചെയ്തത്. ട്വിറ്റർ സിഇഒയുടെ കസേരയിൽ ഒരു നായ ഇരിക്കുന്നതാണ് ഫോട്ടോ. ട്വിറ്ററിന്റെ വർഷങ്ങളോളം പഴക്കമുള്ള നീല പക്ഷിയായ ലോഗോ മസ്‌ക് മാറ്റുമെന്ന് ആരും കരുതിയിരുന്നില്ല. എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ് മസ്‌കിന്റെ ഈ പുതിയ ട്വിറ്റർ നയപ്രഖ്യാപനം.