വാഷിങ്ടൺ: വമ്പൻ അപ്‌ഡേറ്റുമായി വീണ്ടും വാട്‌സ്ആപ്പ് എത്തുന്നു. മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള ഒപ്ഷനാണ് ആപ്പ് പുതുതായി അവതരിപ്പിക്കാനിരിക്കുന്നത്. പേഴ്‌സണൽ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള ഫീച്ചർ കൊണ്ടുവന്നതിനു പിന്നാലെയാണ് വീണ്ടും ഞെട്ടിച്ച് വാട്‌സ്ആപ്പ് എത്തുന്നത്.
ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ വാട്‌സ്ആപ്പ് തന്നെയാണ് പുതിയ ഫീച്ചർ പ്രഖ്യാപിച്ചത്. ഷോർട്ട് വിഡിയോയിലൂടെയാണ് പുതിയ സർപ്രൈസ് വാട്‌സ്ആപ്പ് വെളിപ്പെടുത്തിയത്. മെസേജ് എഡിറ്റിങ് ഒപ്ഷൻ ഉടൻ തന്നെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. ഫീച്ചറിന്റെ പേരുവിവരങ്ങളും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
മെസേജ് അയച്ച് 15 മിനിറ്റ് വരെ എഡിറ്റ് ചെയ്യാനാകുമെന്ന് വാട്സ്ആപ്പ് ട്വീറ്റ് ചെയ്തു. അതേസമയം, പുതിയ ഫീച്ചറിന്റെ വിശദാംശങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ടെക് മാധ്യമങ്ങൾ റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്. നിലവിൽ ആപ്പിന്റെ ബീറ്റ വേർഷനിലായിരിക്കും പുതിയ ഫീച്ചർ ലഭ്യമാകുകയെന്ന് സൂചനയുണ്ട്.
ഇതുവരെ മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഒപ്ഷനാണ് വാട്‌സ്ആപ്പിലുണ്ടായിരുന്നത്. ഗ്രൂപ്പുകളിലും പേഴ്‌സണൽ ചാറ്റുകളിലും ‘ഡിലീറ്റ് ഫോർ എവരിവൺ’ എന്ന ഫീച്ചറാണുള്ളത്. ഈ ഫീച്ചർ ഉപയോഗിച്ചാൽ പക്ഷെ എന്തോ ഡിലീറ്റ് ചെയ്തതായി ഗ്രൂപ്പിലുള്ളവർക്കും സന്ദേശം അയച്ച വ്യക്തിക്കും അറിയാനാകും. ഇതിന്റെ ചമ്മൽ ഒഴിവാക്കാനുള്ള അവസരം കൂടിയാണ് പുതിയ ഫീച്ചറിലൂടെ ഒരുങ്ങുന്നത്.