ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി കേന്ദ്രസർക്കാർ. സ്മാർട്ട്ഫോണുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഉപകരണങ്ങളെ ബാധിക്കുന്ന മാൽവെയറുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രോഗ്രാമുകളാണ് സർക്കാർ പുറത്തിറക്കിയത്. ഐടി മന്ത്രാലയമാണ് സൗജന്യ ബോട്ട് നീക്കം ചെയ്യൽ പ്രോഗ്രാമുകൾ പുറത്തിറക്കിയത്. ‘സൈബർ സ്വച്ഛത കേന്ദ്ര’ വെബ്‌സൈറ്റ് വഴി ഇത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. https://www.csk.gov.in/ എന്ന വെബ്‌സൈറ്റിൽ നിന്ന് ഫ്രീ ബോട്ട് റിമൂവൽ ടൂൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഉപകരണങ്ങളുടെ നിയന്ത്രണം ഹാക്കർമാരുടെ കൈകളിലെത്തുന്നത് സംബന്ധിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബോട്ട് മാൽവെയർ ബാധിച്ച ഉപകരണങ്ങളിൽ സ്പാം മെസേജുകൾ, ഇൻകമിംഗ്, ഔട്ട്ഗോയിംഗ് ടെക്സ്റ്റുകളും കോളുകളും, ഉപയോക്തൃനാമങ്ങൾ, പാസ് വേർഡുകൾ, നെറ്റ് ബാങ്കിംഗ് വിവരങ്ങൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യാൻ ഹാക്കർമാർക്ക് കഴിയും. ഈ ഗുരുതരമായ പ്രശ്‌നം പരിഹരിക്കുന്നതിനായി ജനങ്ങൾക്ക് എസ്എംഎസുകൾ വഴി ബോധവത്കരണം നൽകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ബോട്ടുകൾ നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾക്ക് പുറമേ .USB പ്രതിരോധ്, AppSamvid, Browser JSGuard തുടങ്ങിയ സുരക്ഷാ പ്രോഗ്രാമുകളും സിഎസ്‌കെ പോർട്ടൽ നൽകുന്നു. പെൻ ഡ്രൈവുകൾ, എക്സ്റ്റേണൽ ഹാർഡ് ഡ്രൈവുകൾ, സെൽ ഫോണുകൾ, തുടങ്ങിയവയിൽ ഉപയോഗിക്കുന്ന യുഎസ്ബി മാസ് സ്‌റ്റോറേജ് ഉപകരണങ്ങളെ ബാധിക്കുന്ന മാൽവെയറുകൾക്കുള്ള പരിഹാരമാണ് USB പ്രതിരോധ്.
രാജ്യത്ത് സുരക്ഷിതമായ സൈബർ ആവാസ വ്യവസ്ഥ സൃഷ്ടിക്കാൻ വിഭാവം ചെയ്യുന്ന നാഷണൽ സൈബർ സെക്യൂരിറ്റി പോളിസിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ മേൽനോട്ടത്തിലാണ് .സിഎസ്‌കെ പോർട്ടൽ പ്രവർത്തിക്കുന്നത്.