ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ചാറ്റ്‌ബോട്ടായ ‘ചാറ്റ്ജിപിടി’യുടെ വരവോടെ ഗൂഗിൾ എന്ന വൻമരം വീഴുകയാണെന്നാണ് ടെക് ലോകത്തെ ഏറ്റവും പുതിയ സംസാരം. പതിറ്റാണ്ടുകളായി വെബ് സെർച്ചിങ് ലോകം അടക്കിഭരിച്ച ഗൂഗിളിന്റെ അന്ത്യംകുറിക്കും ‘ഓപൺ എഐ’ അവതരിപ്പിച്ച ചാറ്റ്ജിപിടി എന്നാണ് വിലയിരുത്തൽ. എന്നാൽ, പുതിയ എതിരാളിക്കുമുന്നിൽ പകച്ചുനിൽക്കാതെ തൊട്ടുപിന്നാലെ തന്നെ ‘എ.ഐ’ നിയന്ത്രിത ചാറ്റ്‌ബോട്ടിനെ ഗൂഗിളും അവതരിപ്പിച്ചു; ‘ബാർഡ്’ എന്ന പേരിൽ.
ബാർഡിന്റെ വരവുകൂടിയായതോടെ സാങ്കേതികബുദ്ധി ലോകത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന തരത്തിലേക്ക് നീണ്ടു ചർച്ച. എന്നാൽ, ചാറ്റ്ജിപിടിയെ നേരിടാൻ തിരക്കിട്ട് അവതരിപ്പിച്ച ‘ബാർഡ്’ പക്ഷെ ഗൂഗിളിനിപ്പോൾ കൂനിന്മേൽ കുരു ആയിരിക്കുകയാണ്. ബാർഡിന്റെ അരങ്ങേറ്റത്തിൽ തന്നെ സംഭവിച്ച ഗുരുതരമായൊരു വസ്തുതാപിശകിന് ഗൂഗിളിന് കൊടുക്കേണ്ടിവന്നിരിക്കുന്നത് ചില്ലറ വിലയല്ല; വലിയ വില! ഏകദേശം 100 മില്യൻ യു.എസ് ഡോളർ(ഏകദേശം 824 കോടി രൂപ)!
ബാർഡ് പ്രഖ്യാപിച്ചതിനു പിന്നാലെ ഗൂഗിൾ ട്വിറ്ററിൽ പങ്കുവച്ച ഒരു കുറിപ്പായിരുന്നു തുടക്കം. ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പി(ജെ.ഡബ്ല്യു.എസ്.ടി)നെക്കുറിച്ചുള്ള പുതിയ വിവരങ്ങൾക്ക് ബാർഡ് നൽകിയ ഉത്തരത്തിന്റെ സ്‌ക്രീൻഷോട്ടാണ് ഗൂഗിൾ ട്വീറ്റാക്കിയത്. എന്നാൽ, സ്‌ക്രീൻഷോട്ടിലുണ്ടായിരുന്നു ബാർഡിന്റെ മറുപടിയിൽ ഒരു ഗുരുതരമായ വസ്തുതാ പിശകുണ്ടായിരുന്നു. നമ്മുടെ സൗരയൂധത്തിനു പുറത്തുള്ള ഒരു ഗ്രഹത്തിന്റെ ആദ്യ ചിത്രങ്ങൾ പകർത്തിയത് ജെ.ഡബ്ല്യു.എസ്.ടി ആണെന്നായിരുന്നു മറുപടി.
എന്നാൽ, ഈ വിവരം തെറ്റാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടി. നാസയുടെ റിപ്പോർട്ട് അനുസരിച്ച് ജെ.ഡബ്ല്യു.എസ്.ടിക്കും ഏറെ മുന്നേ സൗരയൂധത്തിനു പുറത്തെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. 2004ലാണ് ആദ്യമായി സൗരയൂധത്തിനു പുറത്തെ ചിത്രങ്ങൾ പകർത്തിയതെന്ന വിശദീകരണവും വന്നു.
ഇതിനു പിന്നാലെയാണ് പാരിസിൽ നടന്ന ഗൂഗിളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാർത്താസമ്മേളനത്തിൽ മറ്റൊരു അബദ്ധവും പിണഞ്ഞത്. ഗൂഗിളിന്റെ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ വച്ചതായിരുന്നു വാർത്താസമ്മേളനം.
ലൈവായി നടന്ന പരിപാടിയിൽ പുതിയ ഗൂഗിൾ ലെൻസ് അവതരിപ്പിക്കുകയായിരുന്നു അവതാരകൻ. എന്നാൽ, ലോകം മുഴുവൻ നോക്കിനിൽക്കെ ഫോണിന്റെ ഡെമോ പ്രദർശിപ്പിക്കാൻ നോക്കിയപ്പോൾ പണിപാളി. ഡിവൈസ് തെറ്റായി ഘടിപ്പിച്ചതിനാൽ ഡെമോ കാണിക്കാനായില്ല. അവതാരകൻ സാങ്കേതികപ്പിഴവ് ബുദ്ധിപരമായി കൈകാര്യം ചെയ്‌തെങ്കിലും പണിപാളിയത് ഓഹരി വിപണിയിലായിരുന്നു.
ബാർഡിന്റെയും ഡെമോ പ്രദർശനത്തിന്റെയും അബദ്ധങ്ങൾ ശരിക്കും മാർക്കറ്റിൽ പ്രതിഫലിച്ചു. ഏതാനും മണിക്കൂറുകൾക്കകം 100 മില്യൻ ഡോളറിന്റെ ഇടിവാണ് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫാബെറ്റിന്റെ ഓഹരിയിലുണ്ടായത്. സൂക്ഷ്മമായ പരിശോധനാ നടപടിക്രമങ്ങളുടെ പ്രാധാന്യമാണ് ഈ പിഴവുകൾ എടുത്തുകാണിക്കുന്നതെന്നും പിഴവുകളിൽനിന്ന് പാഠം പഠിച്ച് നടപടിയുണ്ടാകുമെന്നും ഗൂഗിൾ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.