കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസ് പ്രതി തീവ്ര മൗലികവാദിയാണെന്ന് എഡിജിപി എംആർ അജിത് കുമാർ. ഷാറൂഖ് സെയ്ഫിയാണ് കുറ്റകൃത്യം ചെയ്തതെന്ന് വ്യക്തമായി. തീവ്ര മൗലികവാദിയാണ് പ്രതി. സാക്കിർ നായ്ക്, ഇസ്രാ അഹമ്മദ് തുടങ്ങി മൗലികവാദികളായ ആളുകളുടെ വീഡിയോസും മറ്റും നിരന്തരം നോക്കിയ ആളാണ്. പ്രതി മൗലികവാദിയാണ്. അക്രമം ചെയ്യാൻ ആസൂത്രണം ചെയ്താണ് പ്രതി കേരളത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവെ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ്. മറ്റ് സംസ്ഥാനങ്ങളിലടക്കം വിശദമായ അന്വേഷണം നടത്തി. മറ്റ് സംസ്ഥാന പൊലീസുമായും കേന്ദ്ര ഏജൻസികളുമായും അന്വേഷണം നടത്തി. കിട്ടിയ എല്ലാ തെളിവുകളെയും അടിസ്ഥാനമാക്കിയാണ് ഇന്നലെ യുഎപിഎ ചുമത്തിയത്. രണ്ടാഴ്ചക്കുള്ളിൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ സംഘം കണ്ടെത്തി. പ്രതിക്ക് സഹായം ലഭിച്ചോയെന്നതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ പൊലീസ് അന്വേഷണം ശാസ്ത്രീയമായിരുന്നു. എല്ലാ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. വളരെ വിപുലമായി അന്വേഷിക്കേണ്ട കേസാണിത്. പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ല. പ്രതിക്ക് 27 വയസാണെന്നും പ്ലസ് ടു വരെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. നാഷണൽ ഓപ്പൺ സ്കൂളിലാണ് പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു