തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂരിന്റെ വാക്കുകൾ തെറ്റായി റിപ്പോർട്ട് ചെയ്തതിൽ ‘ടൈംസ് ഓഫ് ഇന്ത്യ’ ഖേദം പ്രകടിപ്പിച്ചു. ഡൽഹി എഡിഷനിൽ 18-ാം പേജിലാണ് പത്രം ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച തെറ്റായ തലക്കെട്ടിന് ലഭിച്ച ശ്രദ്ധയുടെ ഒരു ഭാഗം പോലും ലഭിക്കാൻ സാധ്യതയില്ലെങ്കിലും തിരുത്തിയത് സത്യത്തിന്റെ ധാർമിക വിജയമാണെന്ന് തരൂർ പറഞ്ഞു.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകരുതെന്ന് തരൂർ പറഞ്ഞു എന്ന രീതിയിലായിരുന്നു ‘ടൈംസ് ഓഫ് ഇന്ത്യ’ വാർത്ത പ്രസിദ്ധീകരിച്ചത്. താൻ ഒരിടത്തും അങ്ങനെ പറഞ്ഞിട്ടില്ലെന്നും തെറ്റായ വാർത്ത തിരുത്തി മാപ്പ് പറയണമെന്നും തരൂർ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
പൂർണമായും ഭാവനാത്മകമായൊരു പ്രസ്താവനയുണ്ടാക്കി തന്റെ പേരിൽ ചാർത്തിയ തരംതാണൊരു പരിപാടിയാണ് ‘ടൈംസ് ഓഫ് ഇന്ത്യ’ ചെയ്തതെന്ന് തരൂർ എക്‌സിൽ കുറിച്ചു. ഉദ്ധരണിക്കുള്ളിലാണ് അത് ചേർത്തിട്ടുള്ളത്. കെ.പി.സി.സി ആസ്ഥാനത്ത് താൻ നടത്തിയ വാർത്താസമ്മേളനത്തിൽ 45ലെറെ മാധ്യമപ്രവർത്തകരുണ്ടായിരുന്നു. ഒരാൾ പോലും അത്തരമൊരു വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തരൂർ പറഞ്ഞിരുന്നു.