അബുദാബി: ഇന്ത്യന്‍ രൂപയുടെ ഇടിവ് പ്രവാസികള്‍ക്ക് നേട്ടമാക്കാം. ഒരു ദിര്‍ഹത്തിന് ഇന്നലെ വിവിധ ധനവിനിമയ സ്ഥാപനങ്ങളില്‍ 22.57 രൂപ വരെയാണ് ലഭിച്ചത്. വിപണിയിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ രൂപയുടെ ഇടിവ് ഈ ആഴ്ച തുടരുമെന്നാണ് സൂചന.
യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്നതും വിപണിയില്‍ രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. എണ്ണവില വര്‍ധനയും ഡോളര്‍ ശക്തി പ്രാപിക്കുന്നതും തുടരുന്ന സാഹചര്യത്തില്‍ രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നും കുറച്ചുകൂടി കാത്തിരുന്നാല്‍ മികച്ച നിരക്ക് ലഭിച്ചേക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. എണ്ണവില വര്‍ധന ബാരലിന് 100 ഡോളർ കടക്കാനും സാധ്യതയുണ്ട്. അതേസമയം രൂപ തകരുമ്പോഴും ഭൂരിഭാഗം പ്രവാസികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ശമ്പളം ലഭിക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുള്ളതാണ് പ്രവാസികളെ ആശങ്കപ്പെടുത്തുന്നത്. കയ്യിലുള്ള പണവും കടം വാങ്ങിയുമൊക്കെ നാട്ടിലേക്ക് പണം അയയ്ക്കുന്നപ്രവാസികള്‍ ഉണ്ടെങ്കിലും ഇവരുടെ എണ്ണം പരിമിതമാണ്. സൗദി അറേബ്യയും റഷ്യയും എണ്ണ ഉല്‍പ്പാദനം കുറച്ചതാണ് വിപണിയിലെ എണ്ണ വില ഉയര്‍ത്തിയത്.