Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹണിട്രാപ്പില്‍പ്പെട്ട ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ചാര വനിതയ്ക്ക് ചോര്‍ത്തി നല്‍കിയത് വന്‍ പ്രതിരോധ രഹസ്യങ്ങള്‍

ഹണിട്രാപ്പില്‍പ്പെട്ട ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ചാര വനിതയ്ക്ക് ചോര്‍ത്തി നല്‍കിയത് വന്‍ പ്രതിരോധ രഹസ്യങ്ങള്‍

ഹണിട്രാപ്പിൽപെട്ട ശാസ്ത്രഞ്ജൻ ചോർത്തി നൽകിയത് വൻ രഹസ്യങ്ങൾ. കഴിഞ്ഞ മാസം ഡിആർഡിഒ ശാസ്ത്രഞൻ പ്രദീപ് കുരുൽക്കറിനെതിരെ എടിഎസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. ബ്രഹ്‍മോസ് അടക്കമുള്ള മിസൈലുകളുടെ വിവരങ്ങൾ ഇയാള്‍ പാക് ചാരയ്ക്ക് കൈമാറിയതായി കുറ്റപത്രത്തിലുണ്ട്. പാക് ചാര വനിത നൽകിയ സോഫ്റ്റ്‍വെയറുകള്‍ കുരുൽക്കർ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. 1800 പേജുള്ള കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. 

ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ ജൂൺ മൂന്നിനാണ് അറസ്റ്റിലായത്.  ഇയാൾക്കെതിരെ ഡിആർഡിഒയിൽ നിന്ന് തന്നെ എടിഎസിന് പരാതി ലഭിക്കുകയായിരുന്നു. അറുപത് വയസുകാരനായ കുരുൽക്കർ യുവതിയോട് അടുപ്പം സ്ഥാപിക്കുന്നതിന് വേണ്ടി നിര്‍ണായകമായ വിവരങ്ങള്‍ അവര്‍ക്ക് കൈമാറിയെന്ന് കണ്ടെത്തിയിട്ടുണ്ട്. 

യുകെയില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറെന്ന് പരിചയപ്പെടുത്തിയാണ് ചാര വനിത അടുപ്പം സ്ഥാപിച്ചത്. തന്റെ ചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുത്ത് കുരുല്‍ക്കറുമായി യുവതി അടുപ്പം സ്ഥാപിച്ചു. സാറ ദാസ്ഗുപ്ത, ജൂഹി അറോറ എന്നീ പേരുകളില്‍ സൃഷ്ടിച്ച ഫേക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും മെസേജിങ് ആപ്ലിക്കേഷനുകള്‍ വഴയും ഇവരോട് കുരുല്‍ക്കര്‍ വിശദമായി സംസാരിച്ചിരുന്നു.

മെറ്റിയോര്‍ മിസൈല്‍, ബ്രഹ്‍മോസ് മിസൈല്‍, റഫാല്‍, ആകാശ്, അസ്ത്ര മിസൈല്‍ സിസ്റ്റംസ്, അഗ്നി – 6 മിസൈല്‍ ലോഞ്ചര്‍ എന്നിവയെക്കുറിച്ചെല്ലാം ഇയാള്‍ ചാര വനിതയ്ക്ക് വിവരങ്ങള്‍ നല്‍കി. ഇതിന് പുറമെ ഡിആര്‍ഡിഒ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആളില്ലാ വിമാനങ്ങളായ ഭാരത് ക്വാഡ്കോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവയുടെ വിശദ വിവരങ്ങളും കൈമാറി. രാജ്യസുരക്ഷ സംബന്ധിക്കുന്ന ഗൗരവതരമായ വിഷയങ്ങള്‍ പോലും തമാശ രൂപത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് യുവതിയോട് പങ്കുവെച്ചിരുന്നത്.

നിര്‍ണായകമായ പല വിവരങ്ങളും യുവതി ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇതിന് നല്‍കിയ മറുപടികള്‍ മുദ്രവെച്ച കവറില്‍ എടിഎസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. അഗ്നി  – 6 ലോഞ്ചര്‍ പരീക്ഷണം വിജയകരമായിരുന്നോ എന്ന ചോദ്യത്തിന് അത് എന്റെ ഡിസൈനായിരുന്നുവെന്നും അത് വലിയ വിജയമായിരുന്നുവെന്നും മറുപടി നല്‍കുന്നുണ്ട്. 2022 സെപ്റ്റംബറിനും 2023 ഫെബ്രുവരിക്കും ഇടയിലായിരുന്നു ഈ സംഭാഷണങ്ങളെല്ലാം.  അഗ്നി – 6 പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതിനെക്കുറിച്ചും അതിന്റെ ടെസ്റ്റിങ് എപ്പോള്‍ നടക്കുമെന്നും അതിന്റെ പദ്ധതികളില്‍ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചുമെല്ലാം യുവതി ചോദിക്കുന്നതും കുരുൽക്കർ മറുപടി നല്‍കുന്നതും ചാറ്റുകളിലുണ്ട്.

യുവതി മൂന്ന് ഇ-മെയില്‍ വിലാസങ്ങള്‍ സൃഷ്ടിച്ച് വിശ്വാസ്യത കൂട്ടാനായി അവയുടെ പാസ്‍വേഡ് കുരുൽക്കറിന് കൈമാറി. രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും നിര്‍ബദ്ധിച്ചു. കുരുൽക്കർ ഇവ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. ഇതിലൂടെ ഫോണില്‍ മാല്‍വെയറുകള്‍ നിക്ഷേപിച്ച് വിവരങ്ങള്‍ ചോര്‍ത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് കുറ്റപത്രം പറയുന്നു. 

ചാര വനിതയുമായുള്ള അടുപ്പം ദ‍ൃഢമായ ശേഷം ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ വരെ ഇയാള്‍ യുവതിയുമായി പങ്കുവെയ്ക്കുമായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഒരു സ്വകാര്യ കമ്പനിയുടെ സിഇഒയുടെ വിവരങ്ങളും ഇത്തരത്തില്‍ കൈമാറി. ഇയാളുടെ ജോലി സ്ഥലവും സൈന്യത്തിന് വേണ്ടി ഇയാളുടെ കമ്പനി നിര്‍മിച്ചു നല്‍കുന്ന സാധനങ്ങളുടെ വിവരങ്ങളും കൈമാറിയവയില്‍ ഉള്‍പ്പെടുന്നു. യുവതി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും പാകിസ്ഥാനില്‍ നിന്നാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 203 സാക്ഷികളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments