അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയുടെ ലൈസൻസ് യുപി സര്‍ക്കാര്‍ റദ്ദാക്കിയതില്‍ എതിര്‍പ്പ് ഉന്നയിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി. സമഗ്രമായ അന്വേഷണം നടത്താതെയാണ് തീരുമാനമെന്നും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് വരുണ്‍ ഗാന്ധി യുപി സര്‍ക്കാരിന് കത്തയച്ചു. ആശുപത്രിയുടെ ലൈസൻസ് അതിവേഗം സസ്‌പെൻഡ് ചെയ്തത് ആരോഗ്യ സേവനങ്ങൾക്ക് ആശുപത്രിയിലേക്ക് വരുന്നവരോട് മാത്രമല്ല, ഉപജീവനത്തിന് സ്ഥാപനത്തെ ആശ്രയിക്കുന്നവരോടും ചെയ്യുന്ന അനീതിയാണെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. സഞ്ജയ് ഗാന്ധിയുടെ മകനാണ് വരുണ്‍ ഗാന്ധി.
ഒരു രോഗിയുടെ മരണത്തെ തുടര്‍ന്നുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന ആരോഗ്യ വകുപ്പ് സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഒപിയും അത്യാഹിത സേവനങ്ങളും ഉള്‍പ്പെടെ നിര്‍ത്തിവെച്ചിരിക്കുകയാണ്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയാണ് സഞ്ജയ് ഗാന്ധി മെമ്മോറിയൽ ട്രസ്റ്റിന്റെ അധ്യക്ഷ. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ട്രസ്റ്റിലെ അംഗങ്ങളാണ്.
യുവതിയുടെ മരണത്തെ തുടർന്നാണ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കിയതെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. തുടര്‍ പഥകിന് താന്‍ എഴുതിയ കത്ത് വരുണ്‍ ഗാന്ധി സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ചു. ജനങ്ങള്‍ക്ക് മെഡിക്കൽ സേവനങ്ങള്‍ തടസ്സമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷയെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. ആശുപത്രിയുടെ ലൈസൻസ് അതിവേഗം സസ്‌പെൻഡ് ചെയ്തത് ആരോഗ്യ സേവനങ്ങൾക്ക് ആശുപത്രിയിലേക്ക് വരുന്നവരോട് മാത്രമല്ല, ഉപജീവനത്തിന് സ്ഥാപനത്തെ ആശ്രയിക്കുന്നവരോടും ചെയ്യുന്ന അനീതിയാണെന്ന് വരുണ്‍ കുറിച്ചു. നീതിയുടെയും നിഷ്പക്ഷതയുടെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വരുണ്‍ വ്യക്തമാക്കി.
ആശുപത്രിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌ത നടപടി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ലൈസന്‍സ് പുനസ്ഥാപിക്കണമെന്നും ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം സഞ്ജയ് ഗാന്ധി ആശുപത്രിയിലെ സംഭവം വേദനാജനകമാണെന്നും യുവതിക്ക് ജീവൻ നഷ്ടപ്പെട്ടെന്നും ഉപമുഖ്യമന്ത്രി പഥക് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആശുപത്രിക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
22കാരിയായ ദിവ്യ എന്ന രോഗിക്ക് ചികിത്സ ഉറപ്പാക്കുന്നതില്‍ ഡോക്ടര്‍മാര്‍ വീഴ്ച വരുത്തിയെന്നാണ് പരാതി. വയറുവേദനയെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ എത്തിയത്. കിഡ്നി സ്റ്റോണ്‍ നീക്കം ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ശസ്ത്രക്രിയക്ക് മുന്‍പ് യുവതി അബോധാവസ്ഥയിലായി. 30 മണിക്കൂര്‍ കഴിഞ്ഞു മാത്രമാണ് ലഖ്നൌവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതാണ് യുവതിയുടെ മരണ കാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം.