യുഎഇ- ഇന്ത്യ യാത്രകള്‍ക്കായി കൂടുതല്‍ വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന യുഎഇയുടെ ആവശ്യം നിരസിച്ച് ഇന്ത്യ. ഇക്കാര്യത്തെ കുറിച്ച് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും ആഭ്യന്തര വിമാനക്കമ്പനികള്‍ കൂടുതല്‍ ദീര്‍ഘദൂര വിമാനങ്ങള്‍ വാഗ്ദാനം ചെയ്യണമെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള വിമാന സര്‍വീസുകളില്‍ സീറ്റുകളുടെ എണ്ണം നിലവില്‍ ആഴ്ചയില്‍ 65,000 ആണ്. സീറ്റുകളുടെ എണ്ണം 50,000 കൂടി വര്‍ധിപ്പിക്കണമെന്ന് യുഎഇ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന വിപണികളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ രാജ്യത്ത് വിമാന യാത്രാ ആവശ്യക്കാരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ അന്താരാഷ്ട്ര എയര്‍ ട്രാഫിക്കിന്റെ ഭൂരിഭാഗവും നിലവില്‍ വഹിക്കുന്നത് ഗള്‍ഫ് എയര്‍ലൈനുകളായ എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നിവയാണ്.
എയര്‍ അറേബ്യ, ഫ്‌ളൈ ദുബായി, ഇത്തിഹാദ്, എമിറേറ്റ്‌സ് എയര്‍ലൈനുകളാണ് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ കൂട്ടാന്‍ രാജ്യത്തെ സമീപിച്ചത്. കഴിഞ്ഞ മാസമാണ് എയര്‍ ഇന്ത്യ 470 ജെറ്റ് വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. അതിനിടെ ഇന്ത്യയില്‍ എയ്‌റോസ്‌പേസ് നിര്‍മാണത്തിന് സാധ്യതകള്‍ കാണുന്നുണ്ടെന്നും പ്രാദേശിക ഉത്പാദനത്തിന് കമ്പനികള്‍ തയ്യാറാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ വ്യോമഗതാഗത രംഗത്ത് സ്‌ഫോടനാത്മകമായ മാറ്റങ്ങള്‍ കാണുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.