അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിൽ എത്തി. അബുദാബി പ്രസിഡന്ഷ്യൽ വിമാനത്താവളത്തിൽ പറന്നിറങ്ങിയ അദ്ദേഹത്തെ അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്ത്യയും യുഎഇയും തമ്മിലെ വ്യാപാരക്കരാർ ശക്തിപ്പെടുത്തുന്നതടക്കം നിരവധി വിഷയങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ചയാകും.
യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും, കോപ്പ് 28 പ്രസിഡന്‍റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുമായി രൂപയിൽ വ്യാപാരം നടത്തുന്നത് സംബന്ധിച്ച ചർച്ചകൾക്ക് സന്ദർശനം നിർണായകമാവും. ഇക്കാര്യത്തിൽ ഇന്ത്യയും യുഎഇയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചേക്കും.
ആഗോള തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർത്തുന്നതിനാണ് വ്യാപാരം രൂപയിലേക്ക് മാറ്റാൻ വിദേശ ശക്തികളുമായി ഇന്ത്യ ധാരണയിലെത്താൻ ശ്രമിക്കുന്നത്. ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും വഴിയാണ് നരേന്ദ്ര മോദി യുഎഇയില്‍ എത്തിയത്. ഒരൊറ്റ ദിവസത്തേതാണ് സന്ദർശനം. ഒമ്പത് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചാം തവണയാണ് യുഎഇയിലെത്തുന്നത്. ഇന്ന് തന്നെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.
ഉച്ചയ്ക്ക് 12.50നാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകൾ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യ യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്‍റെ പുരോഗതിയും ഇരു രാഷ്ട്രത്തലവന്മാരും വിലയിരുത്തും. ഡല്‍ഹി ഐഐടിയുടെ ഓഫ് ക്യാംപസ് അബുദാബിയില്‍ തുടങ്ങുന്നതാണ് രൂപ വിനിമയത്തിന് പുറമെ മറ്റൊരു പ്രധാന വിഷയം. ഇന്ത്യയില്‍ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് യുഎഇയെ ഔദ്യോഗികമായി പ്രധാനമന്ത്രി ഇന്ന് ക്ഷണിക്കുകയും ചെയ്യും. ഊര്‍ജ്ജം വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പരസ്പരസഹകരണം മെച്ചപ്പെടുത്തുതിനുള്ള ധാരണാപത്രങ്ങളും ഒപ്പുവെക്കും. ഉച്ചകഴിഞ്ഞ് 3.15 ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും