ദില്ലി: 75,000 ടൺ ബസ്മതി ഇതര വെള്ള അരി യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകി കേന്ദ്രം. യുഎഇയിലേക്കുള്ള അരിയുടെ കയറ്റുമതി നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് വഴി അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) അറിയിച്ചു.
ആഭ്യന്തര വില നിയന്ത്രിക്കുന്നതിന്റെയും മൺസൂണിലെ വിളവ് കുറഞ്ഞതിന്റെയും ഭാഗമായി ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ ജൂലൈയിൽ, ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു.
ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നുവെങ്കിലും മറ്റ് രാജ്യങ്ങൾക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇന്ത്യയെ സമീപിച്ചാൽ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അയാൾ രാജ്യങ്ങളോ ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോ അഭ്യർത്ഥിച്ചാൽ ആവശ്യമായ അരിയോ ഗോതമ്പോ നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഭൂട്ടാൻ, മൗറീഷ്യസ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി അനുവദിക്കാൻ രാജ്യം തീരുമാനിച്ചിരുന്നു. 79,000 മെട്രിക് ടൺ ബസുമതി ഇതര വെള്ള അരി ഭൂട്ടാനിലേക്കും 50,000 ടൺ സിംഗപ്പൂരിലേക്കും 14,000 ടൺ മൗറീഷ്യസിലേക്കും കയറ്റുമതി ചെയ്യാൻ അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് പ്രസ്താവനയിൽ പറഞ്ഞു. ജൂലൈ 21 ന് നേപ്പാളിലേക്ക് 3 ലക്ഷം ടൺ ഗോതമ്പും കയറ്റുമതി ചെയ്യാൻ അനുമതി നൽകിയിരുന്നു .
ധാന്യങ്ങളുടെ ആഭ്യന്തര വിതരണം വർധിപ്പിക്കുന്നതിനായി, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അരിയുടെയും മേയിൽ ഗോതമ്പിന്റെയും ജൂലൈയിൽ ബസുമതി ഇതര വെള്ള അരിയുടെയും കയറ്റുമതിക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തി. പണപ്പെരുപ്പം പ്രത്യേകിച്ച് ഭക്ഷ്യവിലപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുകയും തുടരുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം