ദില്ലി: ഏക സിവിൽ കോഡിൽ അവസരവാദ രാഷ്ട്രീയത്തിൽ ആര് മുന്നിലെന്ന കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും മത്സരിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയമായി വളച്ചൊടിച്ചു. ഭരണഘടനയെ ഉദ്ധരിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി അവസരവാദ രാഷ്ടീയത്തിന് ഇല്ല. ചരിത്രം പരിശോധിച്ചാൽ അത് മനസിലാകും. മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാർ ഉത്തരവാദിത്തത്തോടെയാണ് പെരുമാറുന്നത്. എവിടെ മൽസരിക്കണമെന്ന് തീരുമാനിക്കേണ്ടവർ തീരുമാനിക്കും. എല്ലാവരും വോട്ട് ചെയ്താൽ ബി ജെ പി അക്കൗണ്ട് തുറക്കും. എവിടെ മത്സരിക്കാൻ അവസരം കിട്ടിയാലും മത്സരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. വർഷകാല സമ്മേളനത്തിൽ തന്നെ ബില്ല് കൊണ്ടുവരാനാണ് നീക്കം. ബില്ലിൻ്റെ തയ്യാറെടുപ്പിനായി പാർലമെന്‍ററി നിയമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചേരും. ഉത്തരാഖണ്ഡ് സമിതിയുടെ റിപ്പോർട്ടും ആധാരമാക്കും. പ്രധാനമന്ത്രി പറഞ്ഞത് വെറുതയല്ലെന്ന തുടര്‍ സൂചനകള്‍ നല്‍കിയാണ് ഏകസിവില്‍ കോഡില്‍ സര്‍ക്കാരിന്‍റെ നീക്കങ്ങള്‍. നിയമകമ്മീഷന്‍ പൊതുജനാഭിപ്രായം തേടുന്നതിനിടെ നിയമമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്വാളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. നിയമ കമ്മീഷന്‍ പൊതുജനാഭിപ്രായം തേടുന്ന അടുത്ത 13 വരെ കാത്തിരിക്കൂയെന്ന് നിയമമന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്ത് പല നിയമങ്ങള്‍ വേണ്ടെന്ന പ്രതികരണത്തിലൂടെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും സര്‍ക്കാരിന്‍റെ മനസിലിരുപ്പ് വ്യക്തമാക്കുന്നു. അയോധ്യയിലെ രാമക്ഷേത്രവും, കശ്മീര്‍ പുനസംഘടനയും യാഥാര്‍ത്ഥ്യമാക്കിയത് ചൂണ്ടിക്കാട്ടി അടുത്ത നീക്കം സിവില്‍ കോഡിലേക്കാണെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നീക്കത്തിനെതിരെ കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിലപാട് കടുപ്പിച്ചു. പ്രധാനമന്ത്രി വര്‍ഗീയ വിദ്വേഷത്തിന് ശ്രമിക്കുകയാണെന്നും ജനം പാഠം പഠിപ്പിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ഒരു പടി കൂടി കടന്ന് ഏകസിവില്‍ കോഡ് നടപ്പാക്കിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും,ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂക്ക് അബ്ദുള്ള മുന്നറിയിപ്പ് നല്‍കി.