ആലപ്പുഴ: ഏക സിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പിലാക്കാന്‍ സമയമായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഒരിക്കലും ഏക സിവില്‍ കോഡിനെ അനുകൂലിച്ചിട്ടില്ല. നാളെയും അനുകൂലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഏകസിവില്‍ കോഡില്‍ പ്രതിപക്ഷ ഐക്യം ഊട്ടി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. എല്ലാവരേയും അതിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പാർട്ടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വര്‍ഗീയ രാഷ്ട്രീയമാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ഭിന്നിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഏക സിവില്‍ കോഡെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. പ്രതിപക്ഷ കൂട്ടായ്മ രൂപപ്പെടുന്നുവെന്ന് മനസിലായതോടെ പ്രധാനമന്ത്രിക്ക് ഹാലിളകിയെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.
കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ എംപിയുടെ ആവശ്യത്തെ ഗൗരവത്തില്‍ കാണുന്നില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. തലസ്ഥാനം മാറ്റേണ്ട കാര്യമില്ല. പാര്‍ട്ടിയില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏകസിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഒറ്റനിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കി. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നത് സമസ്തയിലെ ഒരാളുടെ വ്യക്തിപരമായ അഭിപ്രായമാണ്. നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസ് വിഷയം ചര്‍ച്ച ചെയ്യണം എന്നാണ് പറഞ്ഞതെന്നും വി ഡി സതീശന്‍ വിശദീകരിച്ചു.