വില്‍നിയസ്: യുക്രെയ്ന് അംഗത്വം നൽകാൻ തയാറാണെന്നു പ്രഖ്യാപിച്ചെങ്കിലും ഉപാധികളുണ്ടെന്നു വ്യക്തമാക്കി നാറ്റോ. റഷ്യയുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കെ, ഉടൻ നാറ്റോ അംഗമാകാമെന്ന യുക്രെയ്ന്റെ മോഹത്തിനു തിരിച്ചടിയാണു തീരുമാനം. യുക്രെയ്നെ അംഗമാക്കാൻ സഖ്യരാജ്യങ്ങൾ സമ്മതിച്ചതായി നാറ്റോ അറിയിച്ചത് ആശ്വാസമാണ്. പരസ്പര സൈനിക സഹകരണം ഉറപ്പാക്കുന്ന കൂട്ടായ്മയാണു നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ അഥവാ നാറ്റോ.
‘‘സഖ്യരാഷ്ട്രങ്ങൾ അംഗീകരിക്കുകയും നിബന്ധനകൾ പാലിക്കുകയും ചെയ്താൽ യുക്രെയ്നെ നാറ്റോയുടെ ഭാഗമാക്കാം.’’– നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു. അംഗത്വം ലഭിക്കാൻ സമയനിബന്ധന മുന്നോട്ടുവച്ചതിനെ ‘അസംബന്ധം’ എന്നു വിശേഷിപ്പിച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, നാറ്റോ പരാജയമാണെന്നും കുറ്റപ്പെടുത്തി. ലിത്വാനിയന്‍ തലസ്ഥാനമായ വില്‍നിയസിൽ നാറ്റോ ഉച്ചകോടി പുരോഗമിക്കുന്നതിനിടെയാണു സെലെൻസ്കി ഇടഞ്ഞത്.
നാറ്റോ അംഗത്വത്തിന്റെ അരികിലാണു യുക്രെയ്നെന്നും രണ്ടു ചുവടുകൾ വേണ്ടിടത്ത് ഒരു ചുവടിന്റെ ദൂരം മാത്രമേ ഉള്ളൂവെന്നും നാറ്റോ സെക്രട്ടറി ജനറൽ മാധ്യമങ്ങളോടു വിശദീകരിച്ചു. റഷ്യയുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിൽ നാറ്റോ അംഗമാകാൻ കഴിയില്ലെന്നത് അംഗീകരിക്കുന്നതായും യുദ്ധം തീരുന്ന മുറയ്ക്ക് അംഗത്വം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും യുക്രെയ്ൻ പിന്നീടു പ്രതികരിച്ചു. നാറ്റോയില്‍ അംഗത്വത്തിനു യുക്രെയ്ൻ തയാറായിട്ടുണ്ടെന്നു കരുതുന്നില്ലെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ പ്രതികരിച്ചിരുന്നു.