കണ്ണൂർ: പ്രിയ വർഗീസിന്‍റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂർ സർവ്വകലാശാലയ്ക്ക് സ്റ്റാൻഡിങ് കൗൺസലിന്റെ നിയമോപദേശം. ഗവർണ്ണറുടെ സ്റ്റേയ്ക്ക് ഇനി നിലനിൽപ്പില്ല. ഹൈക്കോടതി ഉത്തരവോടെ സ്റ്റേയ്ക്ക് നിലനിൽപ്പില്ലാതായി. നിയമന നടപടിയുമായി സർവ്വകലാശാലയ്ക്ക് മുന്നോട്ട് പോകാമെന്ന് നിയമോപദേശം നൽകി. ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിൽ ഐ വി പ്രമോദ് ആണ് നിയമോപദേശം നൽകിയത്.
നിയമവിരുദ്ധമായ നടപടി ഉണ്ടെങ്കിൽ മാത്രമാണ് ചാൻസലർക്ക് ഇടപെടാൻ കഴിയുക. യൂണിവേഴ്സിറ്റി ആക്ട് സെക്ഷൻ 7 പ്രകാരം ഇതിന് ചാൻസർക്ക് അധികാരമുണ്ട്. നിയമ വിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമനം നടത്തുന്ന കാര്യം ചാൻസലറെ അറിയിച്ച് നടപടികൾ തുടങ്ങാം എന്നും സ്റ്റാൻഡിംഗ് കൗൺസിൽ പറഞ്ഞു. ആഗസ്റ്റ് 17 നാണ് നിയമനം മരവിപ്പിച്ചു ഗവർണർ ഉത്തരവ് ഇറക്കിയത്.
ഈ ഉത്തരവ് ഗവർണർ ഇതുവരെ റദാക്കിയിരുന്നില്ല.
പ്രിയ വർഗീസിന്‍റെ നിയമനത്തിൽ ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞിരുന്നു. സുപ്രീം കോടതിയെ സമീപിക്കാൻ പരാതിക്കാരന് അവകാശമുണ്ട്. മന്ത്രിമാരുടെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല എന്നും ആരിഫ് മുഹമ്മദ് ഖാൻ ചെന്നൈയിൽ പറഞ്ഞിരുന്നു. പ്രിയ വര്‍ഗ്ഗീസിന് അനുകൂലമായ കോടതി വിധിയെ ബഹുമാനിക്കുന്നു എന്ന് നേരത്തെ തിരുവനന്തപുരത്ത് പ്രതികരിച്ചിരുന്നു.