ലക്നൗ : സാധു ടി.എൽ.വസ്വാനിയുടെ ജന്മദിനത്തോടനുബന്ധിച്ച്, യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ നവംബർ 25 ‘നോ നോൺ വെജ് ഡേ’ ആയി പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളമുള്ള എല്ലാ ഇറച്ചിക്കടകളും അറവുശാലകളും നവംബർ 25ന് അടച്ചിടുമെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
സാധു വസ്വാനിയുടെ ജന്മദിനമായ നവംബർ 25 രാജ്യാന്തര മാംസരഹിത ദിനമായും (ഇന്റർനാഷനൽ മീറ്റ്‌ലെസ് ഡേ) അറിയപ്പെടുന്നു. ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണന്‍ ആണ് സാധു ടി.എൽ.വസ്വാനി എന്ന തൻവർദാസ് ലീലാറാം വസ്വാനി. മീരാ മൂവ്‌മെന്റ് ഇൻ എജ്യുക്കേഷൻ ആരംഭിച്ച അദ്ദേഹം സെന്റ് മീരാസ് സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. പുണെയിലെ ദർശൻ മ്യൂസിയം അദ്ദേഹത്തിന്റെ ജീവിതകഥയും സംഭാവനകളെയും കുറിച്ചുള്ളതാണ്.
ഹലാൽ സാക്ഷ്യപത്രമുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപാദനം, സംഭരണം, വിതരണം, വിൽപന എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ‘നോ നോൺ വെജ് ഡേ’ ആചരിക്കാനുള്ള യുപി സർക്കാരിന്റെ തീരുമാനം. സംസ്ഥാന വ്യാപകമായി ഹലാൽ സാക്ഷ്യപത്രമുള്ള വസ്തുക്കൾ നിരോധിച്ചതിനു പിന്നാലെ, ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്എസ്ഡിഎ) പലയിടത്തും റെയ്ഡ് നടത്തിയിരുന്നു.