ലഖ്നൗ: 100 കോടിയുടെ വിദേശ സഹായം ലഭിച്ചെന്ന ആരോപണത്തിൽ മദ്രസകളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതുമായി ബന്ധപ്പെട്ട 80 മദ്രസ്സകളുടെ പ്രവർത്തനം പരിശോധിക്കാനാണ് എസ് ഐ ടിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇക്കഴിഞ്ഞ രണ്ട് വർഷത്തിനിടെ നൂറ് കോടിയുടെ വിദേശ സഹായം ഈ മദ്രസകൾക്ക് ലഭിച്ചെന്നും അതിനാലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്നും സർക്കാർ വ്യക്തമാക്കി. ഈ ഫണ്ടിൽ ക്രമക്കേട് ഉണ്ടോ എന്നാണ് പരിശോധനയെന്നും സർക്കാർ വിവരിച്ചു.
വിവിധ കേസുകളുമായി ബന്ധപ്പെട്ട പരിശോധനകളിൽ ഈ മദ്രസകൾ നിയന്ത്രിക്കുന്ന സൊസൈറ്റികളുടെയും എൻ ജി ഒകളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നെന്നും ആരോപണമുണ്ട്. അഡീഷണൽ ഡയറക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മദ്രസകൾക്കുള്ള വിദേശ ധനസഹായത്തിന്റെ ഉറവിടങ്ങൾ അന്വേഷിക്കാൻ യു പി സർക്കാർ രൂപീകരിച്ച എസ് ഐ ടിയുടെ തലവൻ. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ, സൈബർ സെൽ പൊലീസ് സൂപ്രണ്ട് എന്നിവരും സംഘത്തിലുണ്ടെന്നാണ് വിവരം.
ഉത്തർപ്രദേശിൽ ഏകദേശം 25000 ത്തിലധികം മദ്രസകളാണ് ഉള്ളത്. ഇതിൽ 16500 ൽ അധികം മദ്രസകളും വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ചവയാണ്. എസ് ഐ ടി നടത്തുന്ന പുതിയ അന്വേഷണം ഈ മദ്രസകളിലേക്ക് നീളില്ലെന്നാണ് വ്യക്തമാകുന്നത്. വിദ്യാഭ്യാസ ബോർഡ് അംഗീകാരം ലഭിച്ചിട്ടില്ലാത്ത 80 ഓളം മദ്രസകളിലേക്കാണ് അന്വേഷണം നീളുന്നതെന്നാണ് സൂചന. ഇവയുടെ പിന്നിലുള്ള വ്യക്തികളെയും സൊസൈറ്റികളെയും എൻ ജി ഒകളെയും തിരിച്ചറിയുകയും അവരുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നാണ് വിവരം. അന്വേഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.