ഉത്തർപ്രദേശിൽ വീണ്ടും ഗുണ്ടാതലവനെ ഏറ്റുമുട്ടലിൽ വെടിവച്ചു കൊന്നു. കുപ്രസിദ്ധ ഗുണ്ടാതലവൻ അനിൽ ദുജാന, മീററ്റിൽ ഉത്തർപ്രദേശ് എസ്ടിഎഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അനിൽ ദുജാനയ്‌ക്കെതിരെ യുപി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കൊലപാതകം, കൊള്ളയടിക്കൽ, ആയുധനിർമ്മാണം തുടങ്ങി 64 ഓളം കേസുകളുണ്ട്.
കൊലപാതകക്കേസിൽ ജാമ്യം ലഭിച്ച് ഒരാഴ്ച മുമ്പാണ് ദുജാന ജയിൽ മോചിതനായത്. തൊട്ടുപിന്നാലെ കേസിലെ പ്രധാന സാക്ഷികളിലൊരാളെ ഇയാൾ ഭീഷണിപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു. സാക്ഷിയെ കൊല്ലാൻ ദുജാന തീരുമാനിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇയാളെ പിടികൂടാൻ എസ്ടിഎഫ് തീരുമാനിച്ചത്.
പിടികൂടാനെത്തിയ എസ്ടിഎഫ് സംഘത്തിന് നേരെ ദുജാനയും സംഘവും വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പൊലീസ് തിരിച്ചടിച്ചതോടെ ഏറ്റുമുട്ടലിലേക്ക് വഴിമാറി. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ദുജാനയ്ക്ക് വെടിയേറ്റതായും പൊലീസ് വ്യക്തതമാക്കി. മീററ്റിലെ ഒരു ഗ്രാമത്തിലെ റോഡിലാണ് ഏറ്റുമുട്ടൽ നടന്നത്. ദേശീയ തലസ്ഥാനമായ ഡൽഹിയിലും ഉത്തർപ്രദേശിലുമായി 60-ലധികം ക്രിമിനൽ കേസുകളാണ് ദുജാനയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നോയിഡ, ഗാസിയാബാദ്, മുസാഫർനഗർ തുടങ്ങി ഉത്തർപ്രദേശിലെ പല ജില്ലകളിലും കൊലപാതകം, കവർച്ച, കൊള്ള, പിടിച്ചുപറി തുടങ്ങിയ ഗുരുതരമായ കേസുകളിൽ ദുജാനയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.