13 വയസുകാരനുമായി ലൈംഗികബന്ധത്തിലേർപ്പെട്ട് ഗർഭം ധരിച്ച 31 -കാരിയെ ജയിൽവാസത്തിൽ നിന്നും ഒഴിവാക്കിയതായി റിപ്പോർട്ടുകൾ. യു.എസിലെ കൊളറാഡോയിലെ ആന്‍ഡ്രിയ സെറാനോയാണ് ഇപ്പോൾ തടവിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. കുട്ടിയുടെ കുടുംബത്തെ ഈ വിധി വളരെ അധികം നിരാശയിലാക്കി.
എന്നാൽ, യുവതി നേരത്തെ തന്നെ താൻ ചെയ്ത കുറ്റം സമ്മതിച്ചിരുന്നു. അതുകൊണ്ട് തന്നെ ജയിൽശിക്ഷയിൽ നിന്നും ഒഴിവാക്കിയെങ്കിലും ലൈംഗിക കുറ്റവാളിയായി തന്നെയാവും ഇവരെ കണക്കാക്കുക. കഴിഞ്ഞ വർഷമാണ് 13 -കാരനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. 70,000 ഡോളര്‍ ബോണ്ടില്‍ ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ശേഷം ഈ പതിമൂന്നുകാരന്റെ കുഞ്ഞിനെ ഇവർ പ്രസവിക്കുകയും ചെയ്തിരുന്നു.
ആന്‍ഡ്രിയയുടെ അഭിഭാഷകരും പ്രോസിക്യൂട്ടർമാരും തമ്മിലുള്ള പ്ലീ ഡീൽ അനുസരിച്ചാണ് അവളുടെ ജയിൽശിക്ഷ ഒഴിവാക്കിയിരിക്കുന്നത്. അതേ സമയം ജയിൽ വാസത്തിൽ നിന്നും ആൻഡ്രിയയെ ഒഴിവാക്കിയ നടപടിയെ 13 -കാരന്റെ അമ്മ ശക്തമായി വിമർശിച്ചു.
ആൻഡ്രിയയുടെ സ്ഥാനത്ത് ഒരു പുരുഷനായിരുന്നു പ്രതിയെങ്കിൽ ഇത് ചെയ്യുമായിരുന്നോ എന്നാണ് അവർ ചോദിച്ചത്. 14 വയസാണ് ഇപ്പോൾ കുട്ടിക്ക് പ്രായം. തന്റെ മകൻ പതിനാലാമത്തെ വയസിൽ ഒരു അച്ഛനായിരിക്കുകയാണ്. അവന് നേരെ നടന്നത് ലൈംഗികാതിക്രമം ആണ്. ജീവിതകാലം മുഴുവനും അവൻ ഇര തന്നെ അല്ലേ? പ്രതിയുടെ സ്ഥാനത്ത് ഒരു പുരുഷനും തന്റെ മകന്റെ സ്ഥാനത്ത് ഒരു പെൺകുട്ടിയും ആയിരുന്നു എങ്കിൽ ഇതാകുമായിരുന്നോ ശിക്ഷ. അങ്ങനെ ആണെങ്കിൽ പ്രതിക്ക് കടുത്ത ശിക്ഷ തന്നെ നേരിടേണ്ടി വന്നേനെ എന്നും കുട്ടിയുടെ അമ്മ പ്രതികരിച്ചു.