Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇത് സ്റ്റാലിന്റെ നാടല്ല, പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ല: വിഡി സതീശൻ

ഇത് സ്റ്റാലിന്റെ നാടല്ല, പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ല: വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നിയമസഭയിൽ വിഡി സതീശൻ. പഴയ വിജയനായിരുന്നെങ്കിൽ മറുപടി പറഞ്ഞേനെയെന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിനടക്കം വിഡി സതീശൻ മറുപടി നൽകി. ഇത് സ്റ്റാലിന്റെ നാടല്ലെന്ന് ഭരണപക്ഷത്തോട് പറഞ്ഞുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്.

‘സംസ്ഥാന സർക്കാർ 4500 കോടിരൂപയുടെ നികുതി ഭാരം ജനത്തിന് മേൽ ഉണ്ടാക്കുന്നു. നികുതി കുടിശിക പിരിക്കുന്നതിൽ കെടുകാര്യസ്ഥതയുണ്ട്. പതിനായിരങ്ങൾ ബുദ്ധിമുട്ടുകയാണ്. സംസ്ഥാന സർക്കാരിന്റെ തെറ്റുകൾ മറക്കാൻ ജനങ്ങളുടെ തലയിൽ കെട്ടി വെക്കാൻ ഉള്ള ശ്രമത്തെ ആണ് പ്രതിപക്ഷം എതിർക്കുന്നത്. സമാധാന സമരങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുന്നു. ഇപ്പോൾ പറയുന്നു, പ്രതിഷേധക്കാർ  ആത്മഹത്യാ സ്ക്വാഡുകളാണെന്ന്. ഞങ്ങൾക്ക് പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ലെന്നും വിഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ ജനം വീട്ടിലിരിക്കേണ്ട അവസ്ഥയെ കുറിച്ചാണ് പറഞ്ഞത്. ഒരാൾ രണ്ടാൾ എന്നൊക്കെ പറയുന്നു, എന്തിനാണ് പേടിച്ച് കരുതൽ തടങ്കൽ? എന്തിനാണ് ഉറങ്ങി കിടക്കുന്ന യൂത്ത് കോൺഗ്രസുകാരെ കരുതൽ തടങ്കലിൽ വെക്കുന്നത്? 42 സുരക്ഷാ വാഹനങ്ങൾ എന്തിനാണ്? മുഖ്യമന്ത്രി ഒരു ജില്ലയിലെത്തിയാൽ മുഴുവൻ പോലീസിനേയും മുക്കില്, മുക്കില് നിർത്തുന്നു. കരിങ്കൊടി കാണിക്കാൻ വരുന്നവരെ ഭയന്ന് 100 കണക്കിന് പോലീസുകാർക്ക് ഉള്ളിൽ എന്തിനു ഒളിച്ചുവെന്നും മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് ചോദിച്ചു.

എകെജിയുടെ ആത്മകഥയിൽ കരുതൽ തടങ്കലിനെതിരെ പറയുന്നുണ്ട്, അത് വായിക്കണം. കറുപ്പിനോട് ദേഷ്യം ഇല്ലെങ്കിൽ മരണ വീടിനു മുന്നിലെ കറുത്ത കൊടി അഴിച്ചു മാറ്റിയത് എന്തിനാണ്? ട്രാൻസ്ജെന്ററിന്റെ കറുത്ത വസ്ത്രം അഴിപ്പിച്ചത് എന്തിനാണ്? കറുത്ത ചുരിദാർ ധരിച്ച ട്രാൻസ്‌ വിഭാഗത്തെ അറസ്റ്റ് ചെയ്തില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഭരണ നിരക്ക് ഭീരുത്വമെന്നും അദ്ദേഹം വിമർശിച്ചു.

പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ ഭരണ പക്ഷം ബഹളം വെച്ചു. പിന്നാലെ പ്രതിപക്ഷവും പ്രതിഷേധിച്ചു. ഭരണ പക്ഷത്തിനെതിരെ സ്പീക്കർ രംഗത്ത് വന്നു. മുഖ്യമന്ത്രി സംസാരിച്ചപ്പോൾ പ്രതിപക്ഷം അനങ്ങിയില്ലെന്ന് എഎൻ ഷംസീർ ഓർമ്മിപ്പിച്ചു. ഭരണ നിര ബഹളം വെക്കരുത്. പ്രതിപക്ഷ നേതാവിനെ പോലും പ്രസംഗിക്കാൻ അനുവദിക്കുന്നില്ലെന്ന് വിഡി സതീശൻ വിമർശിച്ചു. സ്പീക്കർക്ക് മുന്നിലേക്ക് പ്രതിപക്ഷം വന്നു. ഷൗട്ടിംഗ് ബ്രിഗേഡിനെ ഉണ്ടാക്കി ആക്രമിക്കാൻ നോക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നിൽ പ്രതിഷേധം ഉയർന്നു. ഭരണ പക്ഷവും സീറ്റിൽ നിന്ന് എണീറ്റു. ഇതോടെ സഭ നിർത്തി വെച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com