Monday, September 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsട്രെയിൻ തീവയ്പ്പ്; കേരള പൊലീസിന്റേത് മാപ്പര്‍ഹിക്കാത്ത ജാഗ്രതക്കുറവെന്ന് വി ഡി സതീശന്‍

ട്രെയിൻ തീവയ്പ്പ്; കേരള പൊലീസിന്റേത് മാപ്പര്‍ഹിക്കാത്ത ജാഗ്രതക്കുറവെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയെ പിടികൂടുന്നതില്‍ കേരള പൊലീസിന്‍റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അതേ ട്രെയിനില്‍ തന്നെ പ്രതി യാത്ര ചെയ്തിട്ടും പിടികൂടാനായില്ല. പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതിന് തുല്യമായിരുന്നു പൊലീസിന്‍റെ പ്രവര്‍ത്തികള്‍. വാഹനം തകരാറിലായതോടെ പ്രതിയുമായി ഒന്നരമണിക്കൂര്‍ റോഡില്‍ കാത്തുനിന്നത് കേസിനെ എത്രമാത്രം ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്‍റെ തെളിവാണ്. പ്രതിയെ പിടികൂടിയത് കേരളാ പൊലീസാണെന്ന മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് പൊതുസമൂഹം ചിരിക്കുമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ നടുക്കിയ ട്രെയിന്‍ തീവയ്പ്പ് കേസില്‍ കേരള പോലീസിന് വലിയ വീഴ്ചയും ജാഗ്രതക്കുറവുമാണുണ്ടായത്. ഞായറാഴ്ച രാത്രി 9.30 നാണ് ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഷാറൂഖ് സെയ്ഫി തീ കൊളുത്തിയത്. അതേ ട്രെയിനില്‍ തന്നെ യാത്ര തുടര്‍ന്ന പ്രതി പതിനൊന്നരയോടെ കണ്ണൂരിലെത്തി. പ്രതിയെക്കുറിച്ചുള്ള ദൃക്സാക്ഷി മൊഴികള്‍ ഈ സമയത്ത് പുറത്ത് വന്നിരുന്നു. എന്നിട്ടും പ്രതി സഞ്ചരിച്ച ട്രയിനിലോ വന്നിറങ്ങിയ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലോ ഒരു പൊലീസ് പരിശോധനയും നടന്നില്ലെന്നത് അമ്പരിപ്പിക്കുന്നതാണെന്നും ഇത്രയും ദാരുണമായ ഒരു സംഭവം നടന്നിട്ടും പൊലീസ് അലര്‍ട്ട് പോലുമുണ്ടായില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. റെയില്‍വേ സ്റ്റേഷനുകളും മറ്റ് പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് കാര്യമായ പരിശോധന നടത്തിയിരുന്നെങ്കില്‍ പ്രതിയെ അന്ന് തന്നെ കസ്റ്റഡിയില്‍ കിട്ടുമായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ എറണാകുളം – അജ്മീര്‍ മരുസാഗര്‍ എക്സ്പ്രസില്‍ കണ്ണൂരില്‍ നിന്ന് ഷാറൂഖ് സെയ്ഫി യാത്ര തുടര്‍ന്നു. കാര്യക്ഷമായ പൊലീസ് ഇടപെടലോ പരിശോധനകളോ ഉണ്ടായിരുന്നെങ്കില്‍ കേരള അതിര്‍ത്തി കടക്കും മുന്‍പ് പ്രതിയെ പിടികൂടാമായിരുന്നുവെന്ന് പറഞ്ഞ വി ഡി സതീശന്‍, ചരിത്രത്തില്‍ ഇതുവരെയില്ലാത്ത അക്രമ സംഭവത്തില്‍ സംസ്ഥാനം ഞെട്ടിത്തരിച്ചിരിക്കുമ്പോള്‍ അങ്ങേയറ്റം ഉദാസീനമായാണ് കേരള പൊലീസ് പെരുമാറിയതെന്നും കുറ്റപ്പെടുത്തി. പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതിന് തുല്യമായിരുന്നു പൊലീസിന്റെ ചെയ്തികളെന്നും സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ രത്നഗിരിയില്‍ പിടിയിലായ പ്രതിയെ അവിടെയെത്തി കോഴിക്കാട്ടേക്ക് കൊണ്ടുവന്നു എന്നത് മാത്രമാണ് കേരള പോലീസ് ആകെ ചെയ്തത്. അതിനിടെ കണ്ണൂരില്‍ വച്ച് പ്രതിയുമായി വന്ന വാഹനം തകരാറിലായി ഒന്നര മണിക്കൂര്‍ റോഡില്‍ കിടന്നു. എത്ര ലാഘവത്തോടെയാണ് പോലീസ് ഇക്കാര്യം കൈകാര്യം ചെയ്തത് എന്നതിന് കൂടുതല്‍ തെളിവുകളുടെ ആവശ്യമില്ല. പ്രതിയെ പിടിച്ചത് കേരള പൊലീസിന്റെ മികവാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ട് പൊതുസമൂഹം ചിരിക്കുമെന്നും വി ഡി സതീശന്‍ പരിഹസിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments