കോഴിക്കോട് : ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിൽ പൊലീസ് പരിശോധന നടത്തിയതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബിബിസി ഓഫിസിൽ ആദായനികുതി വകുപ്പിനെ ക്കൊണ്ട് റെയ്ഡ് നടത്തിയ നരേന്ദ്ര മോദിയും ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫിസിൽ ക്രൈംബ്രാഞ്ചിനെ കൊണ്ട് റെയ്ഡ് നടത്തിയ പിണറായി വിജയനും തമ്മിൽ വ്യത്യാസമില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ മോദിയും കേരളത്തിൽ മുണ്ടുടുത്ത മോദിയും ആണെന്നു പറയുന്നതിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി സ്വയം പ്രഖ്യാപിക്കുന്ന അവസ്ഥയാണ് ഏഷ്യാനെറ്റ് ന്യൂസിലെ പരിശോധനയിലൂടെ കണ്ടതെന്ന് സതീശൻ പറഞ്ഞു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. എതിർക്കുന്നവർക്കു നേരെ ഇത്തരം നടപടികൾ സംസ്ഥാനത്ത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. സമരം ചെയ്യുന്ന എല്ലാവരോടും ഈ അസഹിഷ്ണുതയാണ്. ഫാഷിസത്തിന്റെ ഒരു വശമാണ് ഇത്. ഡൽഹിയിൽ നടക്കുന്നതിന്റെ തനിയാവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷം മുഖ്യമന്ത്രിയുടെ കുടുംബത്തെ എവിടെ വേട്ടയാടിയെന്നാണ് ഇ.പി.ജയരാജൻ പറയുന്നത്? തന്റെ കുടുംബത്തിനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ അതിൽ മുഖ്യമന്ത്രിയുടെ കുടുംബത്തെക്കൂടി ഉൾപ്പെടുത്താനാണ് ഇ.പിയുടെ ശ്രമം. കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള എം.കെ.രാഘവന്റെ പ്രസ്താവനയിൽ വിശദീകരണം നൽകേണ്ടത് കെപിസിസി പ്രസിഡന്റാണ്. സാധാരണ ഒരു കുടുംബത്തിൽ ഉണ്ടായേക്കാവുന്ന ചേട്ടൻ–അനിയൻ പ്രശ്നങ്ങൾ മാത്രമായി ഇതിനെ കണ്ടാൽ മതിയെന്നും സതീശൻ പറഞ്ഞു.