തൃശൂർ: കൊച്ചി കോർപറേഷൻ കൗൺസിൽ പിരിച്ചുവിടണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കൊച്ചി കോർപറേഷന്റെ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ ജനങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘ബ്രഹ്മപുരം തീപിടിത്തം പത്തു ദിവസം പിന്നിടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഒരക്ഷരം ഉരിയാടുന്നില്ല. വൈക്കം വിശ്വന്‍റെ മരുമകന് അഴിമതി നടത്താൻ കൂട്ടുനിന്നതിന്‍റെ ജാള്യതയാകും പിണറായി വിജയന്. ദുരന്തം വരുമ്പോൾ ഓടിയൊളിക്കുകയാണ് മുഖ്യമന്ത്രി’’– അദ്ദേഹം പറഞ്ഞു.
‘‘കർണാടകയിൽ നിന്ന് ഒഴിവാക്കിയ കമ്പനിക്ക് കൊച്ചി കോർപറേഷന്‍റെ മാലിന്യ സംസ്കരണ കരാർ എങ്ങനെ കിട്ടിയെന്ന് സിപിഎം വ്യക്തമാക്കണം. കൊച്ചിയെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്രം അനുവദിച്ച കോടികൾ എന്ത് ചെയ്തെന്ന് മാറി മാറി ഭരണം നടത്തിയവർ വ്യക്തമാക്കണം. ബ്രഹ്മപുരത്തേക്ക് കേന്ദ്രം ഉടനടി വ്യോമസേനയെ അയച്ചു. വിഷയം കേന്ദ്ര പരിസ്ഥിതി, ആരോഗ്യ നഗരവികസന മന്ത്രിമാരെ സ്ഥിതി ധരിപ്പിക്കും’’– അദ്ദേഹം വ്യക്തമാക്കി.