തിരുവനന്തപുരം : റബർ വില കൂട്ടിയാൽ ബിജെപിയെ വോട്ടുചെയ്തു വിജയിപ്പിക്കാമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വൈകാരികമായുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിന്റെ പേരിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കാൻ കഴിയില്ല. സ്റ്റാൻ സ്വാമിയെന്ന വന്ദ്യവൈദികനെ ജയിലിലടച്ചുകൊന്ന സർക്കാരാണ് കേന്ദ്രത്തിലേതെന്നും സതീശൻ കുറ്റപ്പെടുത്തി.
‘‘റബർ കർഷകരുടെ സങ്കടങ്ങളിൽനിന്നുണ്ടായ ഒരു പ്രസ്താവനയാണത്. ക്രൈസ്തവ ന്യൂനപക്ഷം നമ്മുടെ രാജ്യത്തു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സംഘപരിവാർ സംഘടനകളുടെ ആക്രമണങ്ങളാണ്. ഈ പ്രസ്താവന വൈകാരികമായ ഒന്നാണ്. അതിനപ്പുറത്തേക്ക് അതിലൊന്നുമുണ്ടെന്ന് കരുതുന്നില്ല’’ – മാധ്യമപ്രവർത്തകരോട് സതീശൻ പറഞ്ഞു.
കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ ആലക്കോടു നടന്ന കർഷക ജ്വാല എന്ന പരിപാടിയിൽ തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയിൽ നടത്തിയ പ്രസംഗമാണ് കേരളത്തിലെ കത്തോലിക്കാ സഭ ബിജെപിയോടു സ്വീകരിക്കുന്ന നിലപാട് വീണ്ടും ചർച്ചയാക്കിയത്. റബർ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിച്ച് ആ വിലയ്ക്ക് കർഷകരിൽനിന്നു റബർ വാങ്ങിയാൽ, ബിജെപിക്ക് കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരുമെന്നായിരുന്നു ബിഷപ്പിന്റെ പ്രസംഗം.