ബെംഗളൂരു: വാലന്റൈൻസ് ദിനാചരണത്തിനെതിരെ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക്. വലന്റൈൻസ് ഡേയിൽ പാർക്കുകളിലും മറ്റ് സ്ഥലങ്ങളിലും ശ്രീരാമസേന പ്രവർത്തകർ കർശന നിരീക്ഷണം നടത്തുമെന്നും വാലന്റൈൻസ് ഡേയുടെ പേരിൽ നടക്കുന്ന മയക്കുമരുന്നും ലൈംഗികതയും അനുവദിക്കില്ലെന്നും മുത്തലിക് മുന്നറിയിപ്പ് നൽകി. നിയമപ്രകാരമായിരിക്കും നടപടിയെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. വാലന്റൈൻ ദിനം ആഘോഷിക്കുന്നവർക്കുനേരെ മുൻ വർഷങ്ങളിൽ ശ്രീരാമസേന പ്രവർത്തകർ അക്രമം അഴിച്ചവിട്ടിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ കാർക്കള അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നും മുത്തലിക് പറഞ്ഞു. ഒരു സാഹചര്യത്തിലും താൻ പിന്നോട്ട് പോകില്ലെന്നും നിരവധി ബിജെപി നേതാക്കൾ തന്നെ പിന്തുണച്ചിട്ടുണ്ടെന്ന് മുത്തലിക് അവകാശപ്പെട്ടു.മണ്ഡലം തെരഞ്ഞെടുത്തതിൽ ബിജെപി ഉൾപ്പടെയുള്ളവർ എന്നെ അഭിനന്ദിച്ചു.
സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി മത്സരത്തിലുള്ളവർ വരെ പിന്തുണ വാഗ്ദാനം ചെയ്തു. കഴിഞ്ഞ മൂന്ന് മാസമായി മണ്ഡലത്തിൽ പര്യടനം നടത്തുകയാണെന്നും മുത്തലിക് പറഞ്ഞു. വ്യാജ ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്നില്ലെന്നും സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ തനിക്കെതിരെ 100 ലധികം കേസുകൾ ചുമത്തിയിട്ടുണ്ടെന്നും ശ്രീരാമസേനാ തലവൻ ആരോപിച്ചു.
പ്രണയ ദിനം ‘മാതാപിതാ ദിനം’ ആയി ആചരിക്കണമെന്ന പുതിയ ആഹ്വാനവുമായി തീവ്രഹിന്ദു സംഘടനയായ ഹിന്ദു ജനജാഗ്രത സമിതി രംഗത്തെത്തിയിരുന്നു. മംഗളുളൂരു നഗരത്തിൽ ഫെബ്രുവരി പതിനാലിന് വാലന്‍റൈൻ ദിനാഘോഷങ്ങൾ അനുവദിക്കരുതെന്ന് കാട്ടി സിറ്റി പൊലീസ് കമ്മീഷണർക്ക് നല്‍കിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ‘പ്രണയദിനം പല പെൺകുട്ടികളെയും പ്രണയക്കെണിയിൽ വീഴ്ത്താനുള്ള ദിനമാണ്. പുൽവാമ ആക്രമണമുണ്ടായതിന്‍റെ വാർഷിക ദിനത്തിസല്‍ പ്രണയ ദിനം ആഘോഷിക്കുന്നത് ശരിയല്ല. അതിനാൽ ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആഘോഷിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി നേതാവ് ഭവ്യ ഗൗഡ പറഞ്ഞു.