കോഴിക്കോട്: വിദ്യയെ ഒളിപ്പിക്കാൻ ശ്രമിച്ചതിന് പിന്നിൽ സിപിഎം സംസ്ഥാന ഘടകത്തിന് പങ്കുണ്ടെന്ന് കെ മുരളീധരൻ എംപി. പൊലീസ് നാടകം കളിക്കുകയാണ്. പിന്നിലുള്ളവരെ സംരക്ഷിക്കാനാണ് പൊലീസ് നാടകം. ഇതിന് പിന്നിൽ സംസ്ഥാന ഘടകത്തിന് പങ്കുണ്ട്. ഉന്നതനായ ഒരു നേതാവിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ പുറത്തുവന്നത് പെയ്ഡ് സംരക്ഷകനാണ്. എന്നാൽ യഥാർത്ഥ സംരക്ഷകനെ പുറത്തു കൊണ്ടുവരണമെന്നും മുരളീധരൻ പറഞ്ഞു.
വിദ്യയെ സംരക്ഷിച്ചതിന് പിന്നിലുള്ളവർ ഒന്നോ രണ്ടോ പേരിൽ ഒതുങ്ങുന്നത് അല്ല. സംസ്ഥാന സെക്രട്ടറിയേറ്റിൽ വരെ ഉള്ള ആളുകളുണ്ട്. കോടതിയുടെ മേൽനോട്ടത്തിൽ ഉള്ള അന്വേഷണം വേണമെന്നും വ്യാജ സീൽ ഉൾപ്പെടെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ലെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലെ ആരോഗ്യ സംവിധാനം കുത്തഴിഞ്ഞ നിലയിലാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. അടിയന്തിര സേവനം പോലും പലയിടത്തും ഇല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, ഒളിവിൽ പോയിട്ടില്ലെന്ന് ആവർത്തിക്കുകയാണ് കെ വിദ്യ. നോട്ടീസ് കിട്ടിയിരുന്നെങ്കിൽ ഹാജരാകുമായിരുന്നുവെന്നും വിദ്യ പറയുന്നു. മഹാരാജാസ് കേന്ദ്രീകരിച്ച് നടന്നത് വൻ ഗൂഢാലോചന നടന്നെന്നും വിദ്യ പറഞ്ഞു. അവിടത്തെ ചില അധ്യാപകർ ഗൂഢാലോചന നടത്തി. അതിന് തുടക്കമിട്ടത് അട്ടപ്പാടി പ്രിൻസിപ്പാളാണെന്നും വിദ്യ പറയുന്നു. വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നൽകുന്നില്ലെന്നും പൊലീസ് പറയുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന വിദ്യ വിവരങ്ങൾ അറിഞ്ഞിരുന്നത് സുഹൃത്തിൻ്റെ ഫോണിലൂടെയായിരുന്നു. ഈ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. കൂട്ടുകാരിയുടെ ഫോണിൽ നിന്നാണ് വിദ്യക്കൊപ്പമുള്ള സെൽഫി കണ്ടെത്തിയത്. സെൽഫിയെടുത്തത് നാലു ദിവസം മുമ്പെന്നും കണ്ടെത്തി. ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് അഗളി പൊലീസ് പറഞ്ഞു.