ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം തനിച്ചു മത്സരിക്കും. സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴർ കക്ഷിയുമായി സഹകരിക്കുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇപ്പോൾ വിജയ്ക്ക് താത്പര്യമില്ലെന്നാണ് വിവരം.
കന്നിയങ്കംകുറിക്കുന്ന തമിഴക വെട്രി കഴകത്തിനും തിരഞ്ഞെടുപ്പുകളിൽ വോട്ടുവിഹിതം വർധിപ്പിച്ചുകൊണ്ടിരിക്കുന്ന നാം തമിഴർ കക്ഷിക്കും 2026 നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമാണ്. ദ്രാവിഡ പാർട്ടികൾക്കുള്ള ബദൽ എന്നനിലയിലാണ് സീമാൻ പാർട്ടി ആരംഭിക്കുന്നത്. വിജയ്യുടെ നീക്കവും ഇതുതന്നെ. തിരഞ്ഞെടുപ്പിൽ വിജയ് തനിച്ചുനിൽക്കുകയാണെങ്കിൽ വോട്ടുകൾ ഗണ്യമായി ഭിന്നിക്കുമെന്നും ഡി.എം.കെ.യ്ക്കും അണ്ണാ ഡി.എം.കെ.യ്ക്കുമാണ് ഇത് ദോഷംചെയ്യുകയെന്നുമാണ് വിലയിരുത്തൽ.