ക്യാപ്റ്റൻ വിജയകാന്തിന്റെ മരണം കോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. കഠിനാധ്വാനത്തിലൂടെ വിജയം കൈവരിച്ച ഒരു നേട്ടക്കാരനാണു വിജയകാന്ത്. ഒരു നടൻ, അഭിനേതാക്കളുടെ സംഘടനയുടെ നേതാവ്, ഒരു രാഷ്ട്രീയ പാർട്ടി നേതാവ്, നിയമസഭാ അംഗം, പ്രതിപക്ഷ പാർട്ടി നേതാവ് തുടങ്ങി താൻ ഏറ്റെടുക്കുന്ന ഏത് ജോലിയിലും സ്വയം അർപ്പിക്കുകയും, ചുറ്റുമുള്ള എല്ലാവരേയും പിന്തുണയ്ക്കുകയും ചെയ്ത ഒരു മഹാ വ്യക്തിയായിരുന്നു വിജയകാന്ത്.
ചെന്നൈയിലെ സാലിഗ്രാമത്തിൽ ഉള്ള വീട്ടിൽ വെച്ചിരുന്ന അദ്ദേഹത്തിന്റെ മൃതദേഹത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പെടെയുള്ള മന്ത്രിമാർ നേരിട്ട് ആദരാഞ്ജലികൾ അർപ്പിച്ചു. സ്റ്റാലിൻ പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ, ”പ്രിയ സുഹൃത്തായ വിജയകാന്തിന്റെ മരണവാർത്ത വലിയ ഞെട്ടലും, വേദനയും സൃഷ്ടിച്ചു. നല്ല മനസ്സുള്ള ഒരു സുഹൃത്ത് നഷ്ടമായിരിക്കുകയാണ് എന്നാണു പറഞ്ഞിരിക്കുന്നത്.
വിജയകാന്തിന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്‌കരിക്കുമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു. നേരിട്ട് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ സ്റ്റാലിനോട് വിജയകാന്തിന്റെ മൃതദേഹം പൊതുസ്ഥലത്ത് സംസ്‌കരിക്കണമെന്ന് വിജയകാന്തിന്റെ പത്‌നി പ്രേമലത അഭ്യർഥിച്ചു. സാലിഗ്രാമത്തിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വിജയകാന്തിന്റെ മൃതദേഹം ഇപ്പോൾ പൊതുദർശനത്തിനായി കോയമ്പേട്ടിലെ ഡി.എം.ഡി.കെ. ഓഫീസിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
എന്നാൽ ജനത്തിരക്ക് കണക്കിലെടുത്തു വിജയകാന്തിന്റെ മൃതദേഹം ചെന്നൈയിലുള്ള രാജാജി ഹാളിൽ പ്രദർശനത്തിന് വെക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അതിനാൽ പാർട്ടി ഓഫീസിൽ തിരക്ക് കൂടുതലാകുകയാണെകിൽ വിജയകാന്തിന്റെ മൃതദേഹം രാജാജി ഹാളിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.
കരുണാനിധി, ജയലളിത തുടങ്ങിയ നേതാക്കൾ മരണപ്പെട്ടപ്പോൾ അവരുടെ മൃതദേഹങ്ങൾ പൊതു പ്രദർശനത്തിന് വെച്ച സ്ഥലമാണ് രാജാജി ഹാൾ നാളെയാണ് വിജയകാന്തിന്റെ സംസ്കാരം. അതിനാൽ ചെന്നൈയിലുള്ള തിയേറ്ററുകളിൽ സിനിമാ പ്രദർശനം നിർത്തിവെച്ചിരിക്കുകയാണ്. സിനിമാ ചിത്രീകരണം, പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നിർത്തിവെച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി മോദി, രാഹുൽ ഗാന്ധി തുടങ്ങി പല രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ വിജയകാന്തിന്റെ മൃതദേഹത്തിന് അദ്ദേഹത്തിന്റെ ആരാധകരും, സിനിമാക്കാരും, രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും അഞ്ജലി ചെലുത്തി വരികയാണ്.