കോഴിക്കോട്: സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒരുമിച്ചുള്ള ചിത്രം. ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ.മാധവന്റെ മകന്റെ വിവാഹ റിസപ്ഷൽനിലാണ് പിണറായി വിജയനും മോഹൻലാലും കണ്ടുമുട്ടിയത്. ഇരുവരും തമ്മിലുള്ള ചിത്രം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളന്മാർ ഏറ്റെടുത്ത് കഴിഞ്ഞു. മോഹൻലാൽ അണിഞ്ഞിരിക്കുന്ന കറുപ്പ് നിറത്തിലുള്ള കുർത്തയാണ് ഇതിന് കാരണം. മുഖ്യമന്ത്രിയുടെ സുരക്ഷയെ മുൻ നിർത്തി കറുപ്പിന് വിലക്ക് ഏർപ്പെടുത്തിയത് ഏറെ വിവാദങ്ങൾ സൃഷ്ടിക്കുമ്പോഴാണ് കറുപ്പ് അണിഞ്ഞ് മോഹൻലാലിന്റെ വരവ്.
ഗവൺമെൻറ് ആർട്‍സ് കോളജിൽ മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ രണ്ട് വിദ്യാർത്ഥികളുടെ കറുത്ത മാസ്ക് പോലീസ് അഴിപ്പിച്ചിരുന്നു. എന്നാൽ അതേ സമയം, ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കറുത്ത വസ്ത്രം ധരിച്ചായിരുന്നു എത്തിയത്. ഇതും ട്രോളുകളിൽ ഇടം നേടിയിരുന്നു. മരുമോന് കറുത്ത വസ്ത്രം ധരിക്കാമോ എന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിലെ പരിഹാസം. റിയാസിന്റെയും മോഹൻലാലിന്റെയും ചിത്രങ്ങള ഏറ്റെടുത്ത് മുഖ്യമന്ത്രിയെ വിമർശിക്കുകയാണ് ട്രോളന്മാർ.
കോഴിക്കോടുള്ള ആഢംബര ഹോട്ടലിൽ വച്ചായിരുന്നു കെ.മാധവന്റെ മകന്റെ വിവാഹ ആഘോഷങ്ങൾ. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ഗൗതമിന്റെ വിവാഹം. സിനിമ- രാഷ്‌ട്രീയമേഖലയിൽ ഉള്ള നിരവധി പേർ റിസപ്ഷനിൽ പങ്കെടുത്തു. ഇതിന്റെ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. മാമുക്കോയ, ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, യുസഫലി, മന്ത്രി റിയാസ്, മുല്ലപ്പള്ളി, പി കെ ശ്രീമതി, ഇ പി ജയരാജൻ, ലിസി പ്രിയദർശൻ, ആശാ ശരത്ത്, സുജാത, ചിപ്പി, സീതാറാം എച്ചൂരി, ജഗദീഷ്, വെസ്റ്റ് ബംഗാൾ ഗവർണർ ആനന്ദ ബോസ് തുടങ്ങി നിരവധി പ്രമുഖർ ആഘോഷത്തിൽ പങ്കുചേർന്നു.