റിയാദ്: യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടന്ന ചർച്ച അവസാനിച്ചു. യുദ്ധം അവസാനിപ്പിക്കാനുളള ശ്രമങ്ങളുമായി മുന്നോട്ടുപോകാൻ അമേരിക്കയും റഷ്യയും ചർച്ചയിൽ സമ്മതിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുക്രെയിനിലെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.യുദ്ധം രണ്ടു രാജ്യങ്ങൾക്കും സ്വീകാര്യവും ശാശ്വതവുമായ രീതിയിൽ പരിഹരിക്കും. ഇതിന് വേണ്ടി ഉന്നതതല സംഘത്തെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.യുക്രെയ്ൻ യൂറോപ്യൻ യൂണിയനിൽ ചേരുന്നതിൽ എതിർപ്പില്ലെന്നും ചർച്ച പ്രതീക്ഷാനിർഭരമാണെന്നും റഷ്യയും പറഞ്ഞു.
അടുത്തയാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും കൂടിക്കാഴ്ച നടത്തും. യുദ്ധത്തിൽ നിന്ന് പിന്മാറിയാൽ റഷ്യക്ക് മേൽ ചുമത്തിയിട്ടുളള സാമ്പത്തിക ഉപരോധം നീക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് പുടിന് ഉറപ്പ് നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യൂറോപ്യൻ സഖ്യകക്ഷികളെ മാറ്റി നിർത്തിയാണ് ട്രംപ് റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുളള നീക്കവുമായി മുന്നോട്ടു പോകുന്നതെന്നതാണ് ശ്രദ്ധേയം.
യുക്രെയ്ന്റെ പ്രകൃതി വിഭവങ്ങളിൽ യുഎസിന് ഒരു കണ്ണുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്ന്റെ ധാതുസമ്പത്തിന്റെ 50 ശതമാനത്തിലധികം തങ്ങളുടെ വരുതിയിലാക്കാനാണ് യുഎസിന്റെ ശ്രമം. റഷ്യ-അമേരിക്ക നയതന്ത്ര ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഒരു റഷ്യൻ തടവുകാരനെ യുഎസ് മോചിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം ചർച്ചയിലേക്ക് യുക്രെയ്നിൽ നിന്നുളള പ്രതിനിധികളെ ക്ഷണിക്കാത്തതിൽ യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി അതൃപ്തി രേഖപ്പെടുത്തി. യുക്രെയ്നുമായി ആലോചിക്കാതെയുളള സമാധാന ഉടമ്പടി അംഗീകരിക്കില്ലെന്ന് സെലൻസ്കി പ്രഖ്യാപിച്ചു. കടലാസിൽ മാത്രമായി സുരക്ഷ വാഗ്ദാനങ്ങൾ ഒതുങ്ങരുത്. ഈ ആഴ്ച താൻ സൗദി അറേബ്യ സന്ദർശിക്കുമെന്നും സെലൻസ്കി പറഞ്ഞു. സന്ദർശനം റഷ്യയുമായുളള ചർച്ചയ്ക്ക് അല്ല, സൗദി പ്രതിനിധികളുമായിട്ടായിരിക്കും ചർച്ച എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാന ചര്‍ച്ചകളില്‍ നിന്നും യൂറോപ്പിനെ ഒഴിവാക്കിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ യോഗവും ഇന്ന് പാരീസില്‍ നടക്കുമെന്നും റിപ്പോർട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉച്ചകോടിയിലേക്ക് യൂറോപ്യൻ നേതാക്കളെ ക്ഷണിച്ചതായാണ് റിപ്പോർട്ടുകൾ. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുളള ചർച്ചയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്, വൈറ്റ് ഹൗസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, റഷ്യൻ പ്രതിനിധികളുമാണ് പങ്കെടുത്തത്. സൗദി വിദേശകാര്യ മന്ത്രിയും ചർച്ചയിൽ പങ്കെടുത്തിരുന്നു.