ഹേഗ്: നെതർലാൻഡ്സിലെ ഈഡ് നഗരത്തിൽ നിശാക്ലബ്ബിലെത്തിയവരെ ബന്ദികളാക്കിയതായി റിപ്പോർട്ട്. പെറ്റിക്കോട്ട് കഫേയിലായിരുന്നു സംഭവം. മൂന്ന് പേരെയാണ് ബന്ദികളാക്കിയത്. ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് പോലീസ് എത്തി. നിലവിൽ ബന്ദികളെ മോചിപ്പിച്ചതായും സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായെന്നുമാണ് വിവരം.
ഇന്ന് പുലർച്ചെയാണ് ഈഡ് നഗരത്തിലെ കഫേ പെറ്റിക്കോട്ടിൽ അജ്ഞാതർ അതിക്രമിച്ച് കയറുകയും കഫേയിലെ ജീവനക്കാരെയടക്കം ബന്ദികളാക്കി വയ്ക്കുകയും ചെയ്തത്. അക്രമികളുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ല. ഏറെനേരം ഭീതി ജനിപ്പിച്ചെങ്കിലും ശേഷം പ്രതി കീഴടങ്ങുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ദൃക്സാക്ഷികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്. നിലവിൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ഭീകരവാദബന്ധമില്ലെന്നാണ് പ്രാഥമിക വിവരം.