തിരുവനന്തപുരം: കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ വേൾഡ് മലയാളി കൗൺസിൽ ആരംഭിച്ച ‘പുസ്തക ചങ്ങാതി’ എന്ന പദ്ധതി കോവളം എൽ.പി.സ്കൂളിൽ എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം വൈ.ഡബ്ല്യു.സി.എ യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട പ്രവർത്തനം കാഴ്ചവയ്ക്കുന്ന വേൾഡ് മലയാളി കൗൺസിൽ കുട്ടികളുടെ ബൌദ്ധിക വികാസത്തിനായി ആരംഭിച്ച പുസ്തക ചങ്ങാതി എന്ന പദ്ധതി പ്രശംസനീയമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത എം.വിൻസൻ്റ് എംഎൽഎ പറഞ്ഞു.
ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലും പ്രവാസ ജീവിതം നയിക്കുന്ന മലയാളി സമൂഹത്തിന്റെ കൂട്ടായ്മയാണ് വേൾഡ് മലയാളി കൗൺസിൽ. പുതിയ തലമുറയിലെ കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വേൾഡ് മലയാളി കൗൺസിലിന്റെ തിരുവനന്തപുരം ചാപ്റ്റർ ആരംഭിക്കുന്ന പദ്ധതി സ്കൂളുകളിലൂടെയാണ് നടപ്പാക്കുന്നത്.
വേൾഡ് മലയാളി കൗൺസിൽ സാംസ്കാരിക വേദി ചെയർമാൻ വി.പി.ശിവകുമാർ അധ്യക്ഷത വഹിച്ചു. ചാപ്റ്റർ പ്രസിഡണ്ട് മോളി സ്റ്റാൻലി സ്വാഗതം ആശംസിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡണ്ട് ഷാജി എം.മാത്യു പുസ്തകങ്ങൾ കൈമാറി
കോർപ്പറേഷൻ കൗൺസിലർ നിസാമുദ്ദീൻ, കോവളം സി.ഐ. ബിജോയ്. എസ്, സാം ജോസഫ് (പ്രസിഡന്റ്, തിരുവിതാംകൂർ പ്രോവിൻസ്) സ്റ്റാൻലി (ഫാൻസിസ് (നിയുക്ത ചെയർമാൻ, തിരുവിതാംകൂർ പ്രോവിൻസ്) സ്കൂൾ ഹെഡ്മാസ്റ്റർ എസ്.ടി.ശിവകുമാർ, കോവളം സുകേശൻ, രഞ്ജിത് രവീന്ദ്രൻ (സെക്രട്ടറി, തിരുവനന്തപുരം ചാപ്റ്റർ, സുഗുണൻ ഞെക്കാട് (കൺവീനർ, കൾച്ചറൽ ഫോറം) എന്നിവർ ആശംസകൾ നേർന്നു. വൈ ഡബ്ല്യു സി എ പ്രസിഡണ്ട് സബീന എലിസബത്ത് ജോർജ്ജ് നന്ദി പ്രകാശിപ്പിച്ചു.