ന്യൂഡൽഹി: ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണിന് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ച് നരേന്ദ്ര മോദി. ” ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണിനെതിരായ ആക്രമണം ആശങ്കയുളവാക്കുന്നു. ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. പ്രിയ സുഹൃത്തിനു സൗഖ്യം നേരുന്നു” നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.
കോപ്പൻഹേഗനിലെ കുൽട്ടോർവെറ്റ് സ്ക്വയറിലൂടെ കടന്നുപോകുമ്പോൾ പ്രധാനമന്ത്രിയെ ഒരാൾ ബലമായി തള്ളുകയായിന്നു. സംഭവവുമായി ബന്ധപ്പെട്ട് 39-കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. മെറ്റെ ഫ്രെഡറിക്സണിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡാനിഷ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഫ്രെഡറിക്സണിന് എതിരായ ആക്രമണത്തിൽ നേരത്തെ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗും അപലപിച്ചിരുന്നു. ആക്രമണം അംഗീകരിക്കാനാവില്ലെന്നും ശക്തമായി അപലപിക്കുന്നതായും ഫ്രഞ്ച് പ്രസിഡന്റ് എക്‌സിൽ കുറിച്ചു. “ഭീരുത്വപരമായ ആക്രമണം” എന്നാണ് യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റായ ചാൾസ് മൈക്കൽ സംഭവത്തെ വിശേഷിപ്പിച്ചത്.