ജറുസലേം/ കെയ്റോ: സെന്‍ട്രല്‍ ഗാസ മുനമ്പില്‍ ശനിയാഴ്ച നടത്തിയ റെയ്ഡില്‍ ഒക്ടോബര്‍ മുതല്‍ ഹമാസ് ബന്ദികളാക്കിയ നാലുപേരെ രക്ഷിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. അതേ പ്രദേശത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 50ലധികം പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ അധികൃതര്‍ പറഞ്ഞു.
ബന്ദികളെ രക്ഷിച്ചതും മാരകമായ ഇസ്രായേലി ആക്രമണവും ഒരേ ഓപ്പറേഷന്റെ ഭാഗമാണോ എന്ന് വ്യക്തമല്ല. അല്‍-നുസൈറാത്തിലാണ് ര
ണ്ടു സംഭവങ്ങളും നടന്നത്.
നോവ അര്‍ഗമാന (25), അല്‍മോഗ് മെയര്‍ ജാന്‍ (21), ആന്ദ്രേ കോസ്ലോവ് (27), ഷ്‌ലോമി സിവ് (40) എന്നിവരെയാണ് ഇസ്രായേല്‍ സൈന്യം രക്ഷപ്പെടുത്തിയത്. ഇവരെ മെഡിക്കല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് സൈന്യം അറിയിച്ചു.
ഒക്ടോബര്‍ 7ന് ഗാസയ്ക്ക് സമീപമുള്ള ഇസ്രയേലി പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഹമാസ് നടത്തിയ ആക്രമണത്തില്‍ സംഗീതോത്സവത്തില്‍ നിന്നാണ് എല്ലാവരേയും തട്ടിക്കൊണ്ടു പോയത്.
ഹമാസിന്റെ ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ പറയുന്നു. ഇസ്രായേലിന്റെ ബോംബാക്രമണത്തിലും ഗാസ അധിനിവേശത്തിലും കുറഞ്ഞത് 36,801 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് എന്‍ക്ലേവിന്റെ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
ഒക്ടോബര്‍ 7നാണ് 250ഓളം പേരെ ബന്ദികളെ ഗാസയിലേക്ക് കൊണ്ടുപോയത്. ഇസ്രായേല്‍ കണക്കുകള്‍ പ്രകാരം 116 പേര്‍ ഗാസയില്‍ അവശേഷിക്കുന്നുണ്ട്. ഇതില്‍ 40 പേരെങ്കിലും മരിച്ചതായി ഇസ്രായേല്‍ അധികൃതര്‍ പ്രഖ്യാപിച്ചു.
അല്‍ നുസൈറാത്തിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതായി ഇസ്രായേല്‍ സൈന്യം ശനിയാഴ്ച നേരത്തെ പറഞ്ഞിരുന്നു. സാധാരണ തങ്ങളുടെ നീക്കങ്ങളെ കുറിച്ച് ഇസ്രായേല്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്യാറില്ല.
ഫലസ്തീന്‍ അഭയാര്‍തി ക്യാമ്പായ അല്‍-നുസൈറാത്ത് യുദ്ധസമയത്ത് കനത്ത ഇസ്രായേല്‍ ബോംബാക്രമണത്തിന് വിധേയമായിട്ടുണ്ട്. കൂടാതെ അതിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ രൂക്ഷമായ കര പോരാട്ടവും നടന്നിട്ടുണ്ട്.
അതേസമയം, അല്‍-നുസൈറാത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ എത്ര പേര്‍ സൈനികരാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
മരിച്ചവരെയും പരിക്കേറ്റവരെയും അടുത്തുള്ള നഗരമായ ഡീര്‍ അല്‍-ബാലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിരവധി മൃതദേഹങ്ങള്‍ ഇപ്പോഴും തെരുവുകളില്‍ കിടക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഒരു ഇസ്രായേലി സൈനികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഹഗാരി ടെലിവിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇസ്രായേല്‍ സൈന്യം തിരിച്ചടിച്ചു.
ഇസ്രയേലിന്റെ മുഖ്യ സഖ്യകക്ഷിയായ അമേരിക്ക വെടിനിര്‍ത്തലിനും ഇസ്രായേലില്‍ തടവിലാക്കപ്പെട്ട ഫലസ്തീനികളെ മോചിപ്പിക്കുന്നതിന് പകരമായി ഹമാസ് കൈവശം വച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്ന കരാറിനും വേണ്ടി സമ്മര്‍ദ്ദം ചെലുത്തുമ്പോഴും ഗാസ യുദ്ധം മന്ദഗതിയിലായതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല.
ഈ യുദ്ധം വിശാലമായ മിഡില്‍ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തി.