വാഷിങ്ടണ്‍: ഹമാസ് നേതാവ് ഇസ്മായില്‍ ഹാനിയെയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുന്നതായി സൂചനകള്‍. ഹാനിയെയുടെയും ഹിസ്ബുള്ള മിലിട്ടറി തലവന്‍ ഫുവാദ് ഷുക്‌റിന്റെയും കൊലപാതകത്തിനുള്ള തിരിച്ചടി എന്ന നിലയ്ക്ക് ഇറാനും അവരുടെ കൂട്ടാളികളും തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന് അമേരിക്കയിലെയും ഇസ്രയേലിലെയും ഉന്നതോദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടാകുമെന്ന് വിലയിരുത്തുന്ന പശ്ചാത്തലത്തില്‍ തന്നെയാണ് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ മൈക്കല്‍ കുരില, മധ്യേഷ്യയില്‍ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.ലെബനനിലെ ബെയ്‌റൂത്തിലാണ് ചൊവ്വാഴ്ചയാണ് ഷുക്‌റിനെ ഇസ്രയേല്‍ കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന് 24 മണിക്കൂര്‍ തികയും മുന്‍പേ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഹനിയെയും കൊല്ലപ്പെട്ടു. അതേസമയം ഹനിയെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
സംഘര്‍ഷസാധ്യതയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും മേഖലയിലേക്ക് അയക്കുമെന്ന് യു.എസ്. വ്യക്തമാക്കിയിട്ടുണ്ട്. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ലെബനനില്‍നിന്ന് എത്രയും വേഗം മടങ്ങണമെന്ന് യു.എസ്., യു.കെ., ഫ്രാന്‍സ്, കാനഡ, ഫ്രാന്‍സ് തുടങ്ങിയ പാശ്ചാത്യരാജ്യങ്ങള്‍ അവരുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. പല വിമാനക്കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുമുണ്ട്.