ബെയ്ജിങ്: രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത രണ്ട് അമേരിക്കൻ സൈനികരെ ചൈന തിങ്കളാഴ്ച ആദരിച്ചു. മെൽ മക്മുള്ളൻ (90), ഹാരി മോയർ (103) എന്നിവരെയാണ് ബെയ്ജിങ്ങിലെ യു.എസ് എംബസിയിൽ നടന്ന ചടങ്ങിൽ ആദരിച്ചത്.
ഇരുവരുടെയും സേവനം ജപ്പാനെതിരായ യുദ്ധത്തിൽ ചൈനക്ക് ഉപകാരപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഫ്ലയിങ് ടൈഗേഴ്സ് എന്നറിയപ്പെടുന്ന സൈനികരോടൊപ്പം കുടുംബാംഗങ്ങളും കാലിഫോർണിയയിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത സൈനികരിൽ കുറച്ചുപേർ മാത്രമേ ഇപ്പോൾ ജീവിച്ചിരിക്കുന്നുള്ളൂ. അമേരിക്കയും ചൈനയും വഷളായ ബന്ധം നന്നാക്കാൻ ശ്രമിക്കുകയാണ്.
നവംബറിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും യു.എസ് പ്രസിഡന്റ് ജോ ബൈഡനും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുണ്ട്. യു.എസിലെ സാൻഫ്രാൻസിസ്കോയിൽ നടക്കുന്ന ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയിൽ ചൈനീസ് പ്രതിനിധിയായി ഷി ജിൻപിങ് നേരിട്ടെത്തും. ഉച്ചകോടിക്കിടെ ബൈഡനുമായി പ്രത്യേക കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് വിവരം.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി കഴിഞ്ഞ ദിവസം യു.എസ് സന്ദർശിച്ചിരുന്നു. ആറ് യു.എസ് സെനറ്റർമാർ ഒക്ടോബർ ആദ്യം ചൈന സന്ദർശിച്ചു. 2019ന് ശേഷം ചൈന സന്ദർശിച്ച ആദ്യത്തെ യു.എസ് സെനറ്റ് പ്രതിനിധി സംഘം ആയിരുന്നു ഇത്. സാംസ്കാരിക വിനിമയം പുനരുജ്ജീവിക്കുന്നതിന്റെ ഭാഗമായി യു.എസിലെ പ്രമുഖ നാടക സംഘം ഈ ആഴ്ച ചൈനയിലെ ഷാങ് ഹായിൽ പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഫിലാഡൽഫിയയിലെ ഓർക്കസ്ട്ര അടുത്ത ഒരാഴ്ച ചൈനയിൽ വിവിധ ഭാഗങ്ങളിൽ പരിപാടി അവതരിപ്പിക്കുന്നുണ്ട്.
രണ്ട് ലോക ശക്തികൾ എന്ന നിലയിൽ ചൈനക്കും യു.എസിനും വ്യത്യസ്ത താൽപര്യങ്ങളും മത്സരവും ഉണ്ടെങ്കിലും സഹകരണത്തിന്റെ സാധ്യതകൾ ഏറെയാണെന്നാണ് നേതാക്കൾ പറയുന്നത്. തായ്‍വാൻ ഉൾപ്പെടെ വിഷയങ്ങളിലെ വാക്പോരും സൈനിക പരിശീലനവും വിന്യാസവും ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലിലേക്ക് എത്തുമെന്ന് ആശങ്ക ഉയർന്നിരുന്നു.
അങ്ങനെ സംഭവിച്ചാൽ ലോകത്തിന്റെ നിലനിൽപിനെ ബാധിക്കുന്ന ദുരന്തമാകുമെന്ന മുന്നറിയിപ്പ് വിവിധ കോണുകളിൽനിന്ന് ഉയർന്നു. തുടർന്നാണ് ബന്ധം നന്നാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. യു.എസ് -ചൈന വർക്കിങ് ഗ്രൂപ്പ് ആരംഭിച്ച് സ്ഥിരമായ ആശയവിനിമയത്തിന് വഴിയൊരുക്കിയത് ഇതിലെ നിർണായക ചുവടുവെപ്പായിരുന്നു. വാണിജ്യ, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ സഹകരണം ശക്തമാക്കാനാണ് നീക്കം.