ബലൂചിസ്താന്‍: ഇറാനെതിരെ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 പാക് പൗരന്മാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജനുവരി 18ന് വ്യാഴാഴ്ച ഇറാന്റെ തെക്ക്- കിഴക്കന്‍ സിസ്താന്‍- ബലൂചെസ്ഥാന്‍ പ്രവിശ്യയിലാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്.
ഇറാനെതിരെയുള്ള ആക്രമണത്തില്‍ 10 പാകിസ്താനികളും കൊല്ലപ്പെട്ടെന്ന വിവരം ഇറാനിയന്‍ പ്രവിശ്യാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍നയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇറാനിലെ സരവണ്‍ നഗരത്തിന് നേരെ പാകിസ്ഥാന്‍ സൈന്യം മൂന്ന് യുഎവികള്‍ തൊടുത്തുവിട്ടതായി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ആക്രമണങ്ങളില്‍ നാല് വീടുകളാണ് നശിപ്പിക്കപ്പെട്ടതെന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടുവെന്നും ഇര്‍ന റിപ്പോര്‍ട്ടില്‍ പറയുന്നു. സിസ്താനിലെയും ബലുചിസ്ഥാന്‍ പ്രവിശ്യയിലെയും ഗവര്‍ണറുടെ ഡെപ്യൂട്ടി സെക്യൂരിറ്റി ആന്റ് ലോ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ അലിറേസ മര്‍ഹമതിയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
ഇറാന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാനികള്‍ കടന്നുകയറി താമസിച്ചത് എങ്ങനെയെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് മര്‍ഹമതി പറഞ്ഞു.
ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം പരിശോധിക്കുകയാണെന്നും വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും ഇര്‍ന റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനുവരി 16ന് ചൊവ്വാഴ്ച പാകിസ്ഥാന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ ഇറാന്‍ നടത്തിയ സമാനമായ ആക്രമണത്തിന് മറുപടിയായാണ് പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്തിയത്. ഇറാന്റെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷ്- അല്‍ അദ്‌ലിനെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നാണ് ഇറാന്‍ പറഞ്ഞത്. ബലൂചിസ്ഥാനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കാനായി പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണിത്.
ഇറാന്റെ ആക്രമണത്തെ ദുഃഖകരമായ സംഭവമെന്നാണ് ഇന്‍ഫര്‍മേഷന്‍ മന്ത്രി മുര്‍താസ സോളാംഗി വിശേഷിപ്പിച്ചത്. രണ്ട് കുട്ടികളുടെ മരണത്തിന് കാരണമായ സംഭവത്തെ ‘ഇറാന്‍ നടത്തിയ വ്യോമാതിര്‍ത്തി ലംഘനം’ എന്നാണ് പറഞ്ഞത്.
ഇറാനില്‍ ആക്രമണം നടത്തിയ ശേഷം ഇസ്ലാമാബാദ് ഇറാനെ ‘സഹോദര അയല്‍ക്കാരന്‍’ എന്നുമാണ് വിളിച്ചത്.
ഇറാന്‍ സഹോദര രാജ്യമാണെന്നും പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് ഇറാനിയന്‍ ജനതയോട് വലിയ ബഹുമാനവും വാത്സല്യവുമുണ്ടെന്നും തീവ്രവാദം ഉള്‍പ്പെടെയുള്ള പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ തങ്ങള്‍ എല്ലായ്‌പ്പോഴും സംഭാഷണത്തിനും സഹകരണത്തിനും ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും സംയുക്ത പരിഹാരങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.
സുന്നി തീവ്രവാദികളെയും ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയെയും ലക്ഷ്യമിട്ട് സിറിയയിലും ഇറാഖിലും നടത്തിയ സമാനമായ ആക്രമണങ്ങള്‍ക്ക് ശേഷമാണ് പാക്കിസ്ഥാനുള്ളില്‍ ഇറാന്‍ ആക്രമണം നടത്തിയത്.