ലണ്ടൻ: റഷ്യൻ അധിനിവേശത്തിനെതിരെ പൊരുതുന്ന യുക്രെയ്ന് സഹായമായി 5000 കോടി പൗണ്ട് (4,47,875 കോടി രൂപ) നൽകാൻ തീരുമാനം. അവസാനം വരെയും എതിർപ്പുമായി നിന്ന ഹംഗറി പ്രസിഡന്റ് വിക്ടർ ഓർബനും നിരന്തര സമ്മർദങ്ങൾക്കൊടുവിൽ സമ്മതം മൂളിയതോടെയാണ് സഹായം പാസാക്കിയത്. നാലു വർഷം കൊണ്ടാണ് തുക നൽകുക.
രണ്ടുവർഷം കഴിഞ്ഞ് യൂറോപ്യൻ കമീഷൻ പുനഃപരിശോധന നടത്തും. കടുത്ത എതിർപ്പ് അറിയിച്ച ഓർബനെ ബുധനാഴ്ച ഇറ്റലി, ഫ്രാൻസ്, ജർമനി രാജ്യങ്ങളുടെ തലവന്മാർ നേരിട്ടുകണ്ട് നിലപാട് മാറ്റത്തിന് പ്രേരിപ്പിച്ചിരുന്നു. യൂറോപ്യൻ യൂനിയനിലെ 27 അംഗരാജ്യങ്ങളും അംഗീകരിച്ചതായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേൽ പ്രഖ്യാപിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധി വലച്ചതോടെ റഷ്യക്കെതിരായ യുക്രെയ്ൻ നീക്കം നിലച്ചിരുന്നു. ഇത് പുനരുജ്ജീവിപ്പിക്കാൻ പുതിയ നീക്കം സഹായകമാകുമെന്നാണ് കരുതുന്നത്.