ന്യൂയോര്‍ക്ക്: ഗാസയില്‍ അടിയന്തരവും സുസ്ഥിരവുമായ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന യു എസ് കരട് പ്രമേയം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ റഷ്യയും ചൈനയും വീറ്റോ ചെയ്തു. നേരത്തെ യു എന്നില്‍ അവതരിപ്പിച്ച മൂന്ന് പ്രമേയങ്ങള്‍ യു എസ് വീറ്റോ ചെയ്തിരുന്നു.
ഗാസയിലെ ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വെടി നിര്‍ത്തലിന് ആഹ്വാനം ചെയ്താണ് അമേരിക്ക യു എന്‍ രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിച്ചത്.
ഖത്തറില്‍ ബന്ദികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നതിനിടയിലാണ് യു എന്‍ വോട്ടെടുപ്പ് നടന്നത്. വെടിനിര്‍ത്തല്‍ നീക്കം വേഗത്തിലാക്കാന്‍ നയതന്ത്രത്തിന്റെ ഭാഗമായി നതന്യാഹുവുമായി ചര്‍ച്ചയ്ക്ക് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേലിലെത്തിയിരുന്നു.
ഇസ്രായേലിന്റെ ശക്തരായ വക്താക്കളായ യു എസ് ഗാസ ആക്രമണത്തിന്റെ തുടക്കത്തില്‍ വെടി നിര്‍ത്തലിന് ആഹ്വാനം ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അറബ് രാജ്യങ്ങളിലും യൂറോപ്പിലും കടുത്ത വിമര്‍ശനമാണ് നേരിട്ടത്.
സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌തെങ്കിലും വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും ഇത് തടയുകയായിരുന്നു.
സമാധാനത്തിന്റെ വ്യക്തമായ സന്ദേശം നല്‍കുന്നില്ലെന്നും കൂടുതല്‍ പാലസ്തീനികളെ കൊല്ലാന്‍ അനുവദിക്കുകയാണെന്നും കുറ്റപ്പെടുത്തി അള്‍ജീരിയ പ്രമേയം നിരസിച്ചു. നേരത്തെ അല്‍ജീരിയ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പ്രമേയം യു എസ് തള്ളിയിരുന്നു.
അഞ്ച് മാസമായി തുടരുന്ന ഇസ്രായേലിന്റെ ഗാസ ആക്രമണം താത്ക്കാലികമായി നിര്‍ത്താനുള്ള സമ്മര്‍ദ്ദമാണ് യു എസ് ഉയര്‍ത്താന്‍ ശ്രമിച്ചത്.
ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ വര്‍ധിപ്പിക്കാനും ബന്ദികളാക്കിയവരെ ഹമാസ് മോചിപ്പിക്കാനും വെടിനിര്‍ത്തല്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മേഖലയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് കരട് പ്രമേയം അവതരിപ്പിച്ചത്.
സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ച പ്രതീകാത്മകമായാലും വാഷിംഗ്ടണും ഇസ്രായേലും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പുതിയ നീക്കത്തിലൂടെ മറനീക്കി പുറത്തുവന്നത്.