സാധാരണ ശബ്ദത്തേക്കാള്‍ വേഗത്തില്‍ വിമാനമോ മറ്റോ സഞ്ചരിക്കാന്‍ ശ്രമിച്ചാല്‍ അത് വലിയ തോതില്‍ ശബ്ദവിസ്‌ഫോടനം സൃഷ്ടിക്കും. എന്നാല്‍ യാതൊരു അധിക ശബ്ദവുമില്ലാതെ ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറ പറക്കുന്ന വിമാനം നിര്‍മിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ശബ്ദവിസ്‌ഫോടനമില്ലാതെ ശബ്ദവേഗത്തെ മറികടക്കുന്ന വിമാനത്തിന് എക്‌സ് 59 എന്നാണ് നാസ പേരിട്ടിരിക്കുന്നത്.
നാസയുടെ നിരവധി പദ്ധതികളില്‍ സഹകരിക്കുന്ന വ്യോമയാന കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനുമായി ചേര്‍ന്നാണ് ഈ നിശബ്ദ വിമാനം നിര്‍മിക്കുക. ആദ്യമായി ശബ്ദത്തേക്കാള്‍ വേഗത്തില്‍ വിമാനം പറന്ന് ശബ്ദവിസ്‌ഫോടനം ഉണ്ടായി 75 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു ആശയവുമായി നാസ എത്തിയിരിക്കുന്നത്. ശബ്ദ വേഗതയുടെ ഇരട്ടി വേഗത്തില്‍ സഞ്ചരിച്ച യാത്രാവിമാനമായ കോണ്‍കോഡ് നിര്‍ത്തലാക്കിയതിന് പിന്നില്‍ ഈ ശബ്ദമലിനീകരണവും സാമ്പത്തിക ബാധ്യതകളുമായിരുന്നു. നാസയുടെ വിമാനം ശബ്ദവിസ്‌ഫോടനമില്ലാതെ ശബ്ദ വേഗത്തേക്കാള്‍ പറന്നാല്‍ ഭാവിയില്‍ ഇത്തരം അതിവേഗതയുള്ള യാത്രാവിമാനങ്ങള്‍ സാധാരണയായേക്കും.
പല അസാധ്യ കാര്യങ്ങളും നടത്തി കാണിച്ചു തന്നിട്ടുള്ള നാസയുടെ എക്‌സ് 1 ടീമാണ് എക്‌സ് 59 വിമാനത്തിന്റെ നിര്‍മാണത്തിന് പിന്നിലും. 1947 ഒക്ടോബര്‍ 14നാണ് നാഷണല്‍ എക്‌സ് 1 ടീമിനൊപ്പം അമേരിക്കന്‍ വ്യോമസേനയും ചേര്‍ന്ന് ശബ്ദത്തേക്കാള്‍ വേഗത്തിലുള്ള വിമാന യാത്ര സാധ്യമാക്കിയത്. ‘ആദ്യത്തെ സൂപ്പര്‍സോണിക് യാത്ര വലിയൊരു നേട്ടമാണ്. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ വളരെയേറെ മുന്നേറിയിരിക്കുന്നു’ നാസയുടെ ആംസ്‌ട്രോങ് ഫ്‌ളൈറ്റ് റിസര്‍ച്ച് സെന്ററിലെ എയറോനോട്ടിക്കല്‍ എഞ്ചിനീയര്‍ കാതറിന്‍ ബാം പറയുന്നു. ലോ ബൂം ഫ്‌ളൈറ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ പ്രൊജക്ടിന്റെ മാനേജര്‍ കൂടിയായ കാതറിനും സംഘത്തിനുമാണ് എക്‌സ് 59ന്റെ നിര്‍മാണ ചുമതല.
ശബ്ദവിസ്‌ഫോടനത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ടതിനാല്‍ തന്നെ എക്‌സ് 59ന്റെ നിര്‍മാണത്തില്‍ ഇക്കാര്യത്തില്‍ വലിയ ശ്രദ്ധ ചെലുത്തുന്നുണ്ട്. പല രാജ്യങ്ങളിലും എക്‌സ് 59 പരീക്ഷണ പറക്കല്‍ നടത്താനും ഏതെങ്കിലും തരത്തിലുള്ള അധിക ശബ്ദം സംഭവിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുമുള്ള ശ്രമങ്ങളും നടത്തും. ഈ പ്രതികരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സൂപ്പര്‍സോണിക് വിമാനങ്ങള്‍ക്കുള്ള നിരോധനം നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനും ഗവേഷകര്‍ പദ്ധതിയുണ്ട്.