അങ്കാറ: സ്വീഡനിലും ഡെന്മാർക്കിലും ഖുർആൻ കത്തിച്ചതിനെതിരെ മുസ്‍ലിം ലോകത്ത് വൻ പ്രതിഷേധം. വിദ്വേഷ പ്രചാരണത്തിന് അനുകൂല സമീപനം സ്വീകരിക്കുന്ന സ്വീഡന് നാറ്റോ അംഗത്വം നൽകാനാവില്ലെന്ന് തുർക്കി അറിയിച്ചു. ഡെന്മാർക്കിന്റെ അംബാസഡറെ വിളിച്ചുവരുത്തിയും തുർക്കി പ്രതിഷേധം അറിയിച്ചു.
കുപ്രസിദ്ധ വിദ്വേഷ പ്രചാരകൻ റാസ്മസ് പലൂദാൻ ആദ്യം സ്വീഡനിലാണ് ഖുർആൻ കത്തിച്ചത്. തുർക്കി എംബസിക്കു മുമ്പിലായിരുന്നു ഖുർആൻ കത്തിച്ചുള്ള പ്രകോപനം. ഇതിനെതിരെ മുസ്‌ലിം ലോകത്താകെ പ്രതിഷേധം ആളിക്കത്തി. ഖുർആൻ കത്തിക്കുന്നതിന് സ്വീഡിഷ് സർക്കാർ ഒത്താശ ചെയ്യുന്നു എന്നാരോപിച്ച് തുർക്കി രംഗത്തുവന്നു.
യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നാറ്റോ അംഗത്വത്തിന് ശ്രമിക്കുന്ന സ്വീഡനെ അതിൽ നിന്ന് തടയും എന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പ്രഖ്യാപിച്ചു. തുർക്കി നാറ്റോ അംഗരാജ്യമാണ്. തുർക്കി കൂടി സമ്മതിക്കാതെ മറ്റൊരു രാജ്യത്തിന് നാറ്റോ അംഗത്വം ലഭിക്കില്ല.
അതിനു പിന്നാലെയാണ് ഡെന്മാർക്കിലും റാസ്മസ് പലൂദാൻ ഖുർആൻ കത്തിച്ചത്. ഡെൻമാർക്കിലെ തുർക്കി എംബസിക്ക് സമീപവും കോപ്പൻഹേഗൻ പള്ളിക്ക് സമീപവുമായിരുന്നു ഖുർആൻ കത്തിക്കൽ. സ്വീഡന് നാറ്റോ അംഗത്വം നൽകും വരെ ഖുർആൻ കത്തിക്കൽ തുടരുമെന്ന് കൂടി പലൂദാൻ പറഞ്ഞു. ഇതോടെ വൻ പ്രതിഷേധമാണ് ലോകത്താകെ ഉയർന്നത്.
തുർക്കി, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ലണ്ടനിലെ സ്വീഡിഷ് എംബസിക്കു മുമ്പിൽ ഖുർആൻ പാരായണം ചെയ്തായിരുന്നു പ്രതിഷേധം.
അതേസമയം, സംഭവത്തെ അപലപിച്ച് ഒമാൻ രംഗത്തെത്തി. ഇത്തരം പെരുമാറ്റങ്ങൾ തീവ്രവാദവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുകയും മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുകയും ചെയ്യുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അക്രമവും വിദ്വേഷവും ഉണർത്തുന്ന ഇത്തരം പെരുമാറ്റങ്ങൾ കുറ്റകരമാക്കാനും ശിക്ഷിക്കാനും അന്താരാഷ്ട്ര സമൂഹത്തിൽനിന്ന് ഉറച്ച നിലപാടുകൾ ആവശ്യമാണെന്നും മന്ത്രാലയം പറഞ്ഞു.