ഇസ്താംബൂൾ : തുർക്കി-സിറിയിൽ ഉണ്ടായ തുടർ ഭൂചലനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,000-ലേക്ക്. പരിക്കേറ്റവരുടെ എണ്ണം വർദ്ധനവ്. ദുരന്ത ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതിനിടെ, കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ നിന്നും നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. അമ്മയുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെട്ടിട്ടില്ലാത്ത കുഞ്ഞിനെയാണ് തിരച്ചിലിനിടയിൽ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
കെട്ടിടാവശിഷ്ടങ്ങളിൽ പരിശോധന നടത്തുമ്പോഴാണ് കുട്ടിയുടെ കരച്ചിൽ കേട്ടത്. തിരച്ചിലിൽ കുട്ടിയെ കണ്ടെത്തുകയും പൊക്കിൾ കൊടി മുറിച്ചു മാറ്റി കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുകയുമായിരുന്നു. അമ്മ മരിച്ചിരുന്നതായും രക്ഷാപ്രവർത്തകർ പറഞ്ഞു.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി ജീവനുകൾ കുടുങ്ങി കിടക്കുന്നുണ്ട്. കടുത്ത മഞ്ഞുവീഴ്‌ച്ച കാരണം രക്ഷാപ്രർത്തനം ദുഷ്‌കരമായി തുടരുകയാണ്.
മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന രക്ഷാപ്രവർത്തനമാണ് എൻഡിആർഎഫ് സംഘവും മറ്റ് സന്നദ്ധത സംഘടനകളും സംയുക്തമായി നടത്തുന്നത്.തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ മൂന്ന് മാസത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ആകെ മരണം 20,000 കടക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. തുടർച്ചായ ഉണ്ടായ ഭൂചലനങ്ങളാണ് രക്ഷാപ്രവർത്തനം വീണ്ടും ദുഷ്‌ക്കരമാക്കിയത്.