സിഡ്നി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. റെയ്സിന സിഡ്നി ബിസിനസ് ബ്രേക്ക്ഫാസ്റ്റിന്റെ ഭാഗമായാണ് ജയശങ്കറിന്റെ ഓസ്ട്രേലിയൻ സന്ദർശനം. ഓസീസ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ചർച്ചകൾക്ക് ശേഷം ഔദ്യോഗിക വസതിയും ഉദ്യാനവും ആന്റണി അൽബാനീസിനൊപ്പം ജയശങ്കർ ചുറ്റിക്കണ്ടു.
ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് മുമ്പ്, റെയ്‌സിന സിഡ്‌നി ബിസിനസ്സ് ബ്രേക്ക്ഫാസ്റ്റിൽ ജയശങ്കർ സദസ്സിനെ അഭിസംബോധന ചെയ്തിരുന്നു. സമ്പദ്വ്യവസ്ഥയെയും കൊറോണ പ്രതിസന്ധികളെപ്പറ്റിയും അദ്ദേഹം സദസ്സിൽ സംസാരിച്ചു. ഈ വർഷം 7 ശതമാനം വളർച്ചയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വളർച്ചയിൽ കുതിപ്പ് ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം ഒരു ദശലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ഓസ്‌ട്രേലിയയിൽ താമസിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ജയശങ്കർ, ഓസ്‌ട്രേലിയൻ സർവകലാശാലകളെ ഇന്ത്യയിലേക്ക് സ്വാഗതവും ചെയ്തു.
സിഡ്‌നിയിലെ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലാണ് സദസ്സ് സംഘടിപ്പിച്ചത്. ഓസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടും (ASPI) ഇന്ത്യയുടെ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനും (ORF) ചേർന്നാണ് റെയ്‌സിന സിഡ്നി ബിസിനസ് ബ്രേക്ക്ഫാസ്റ്റ് സംഘടിപ്പിച്ചത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ 2022 ഏപ്രിൽ 2-ന് ഒപ്പുവെച്ച സാമ്പത്തിക സഹകരണ വ്യാപാര കരാറിനെ കുറിച്ചും ജയശങ്കർ സംസാരിച്ചു. കൊറോണ വെല്ലുവിളികളെ ഇന്ത്യ അതിശക്തമായി അതിജീവിച്ചെന്നും മഹാമാരിയുടെ കടന്നുവരവ് ലോക സമ്പദ്‌വ്യവസ്ഥയ്‌ക്ക് ആഘാതം സൃഷ്ടിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.