സിഡ്നി: ലോകത്ത് ഏറ്റവുമധികം പണരഹിത ഇടപാടുകൾ നടത്തുന്ന രാജ്യമായി ഇന്ത്യ മുന്നേറുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യുപിഐ പണരഹിത ഇടപാടുകളുടെ കണക്കു നോക്കുമ്പോൾ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയാണ് മുന്നിലെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ ഉപയോഗം ജനങ്ങൾക്കിടയിൽ കുതിച്ചുയരുന്നത് വലിയൊരു മാറ്റമാണെന്നും റെയ്സിന സിഡ്നി ബ്രേക്ക്ഫാസ്റ്റിന്റെ ഭാഗമായുള്ള ഓസ്ട്രേലിയൻ സന്ദർശന വേളയിൽ അദ്ദേഹം പറഞ്ഞു.
വിതരണത്തിന്റെയും ഇടപാടിന്റെയും സംയോജനമാണ് ഡിജിറ്റൽ സേവനം കൊണ്ട് ലക്ഷ്യമിട്ടത്. എന്നാൽ സാമ്പത്തിക തലത്തിൽ ഇത് പൂർണ്ണമായി സാധ്യമായിരുന്നില്ല. തുടർന്ന് ജനങ്ങളെ ബാങ്ക് അക്കൗണ്ടുകൾ എടുക്കുന്നതിന് നിർബന്ധിതരാക്കുകയായിരുന്നു. എന്നാൽ അക്കൗണ്ടുകളിൽ പണമില്ലാതിരിക്കുയും ഇടപാടുകൾ നടക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും താഴ്ന്ന വരുമാനക്കാരായ 415,000,000 ആളുകളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചു. ഇങ്ങനെ ഡിജിറ്റൽ ഗവേണൻസ് സാമൂഹിക സാമ്പത്തിക വികസനത്തിനുള്ള അടിസ്ഥാന മാർഗ്ഗമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടത്തിയത്. സമ്പദ് വ്യവസ്ഥകളെയും കൊറോണ പ്രതിസന്ധികളെയും കൂറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ഈ വർഷം 7 ശതമാനം വളർച്ചയാണിന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിഡ്നിയിലെ ഇന്റർകോണ്ടിനന്റൽ ഹോട്ടലിലാണ് സദസ്സ് ഒരുങ്ങിയത്. ഓസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യയിലെ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനും സംയുക്തമായാണ് റെയ്സിന സിഡ്നി ബിസിനസ്സ് ബ്രേക്ക്ഫാസ്റ്റ് സംഘടിപ്പിച്ചത്.