വത്തിക്കാന്‍ സിറ്റി: ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ഇന്നലെ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് വത്തിക്കാന്‍. ഇന്നലെ രാത്രി പാപ്പ നന്നായി വിശ്രമിച്ചുവെന്നും ആരോഗ്യ സ്ഥിതി ക്രമാനുഗതമായി മെച്ചപ്പെടുകയാണെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി ഇന്നു ഉച്ചയ്ക്ക് 12:30 ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ന് രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം ഫ്രാൻസിസ് പാപ്പ പത്രങ്ങൾ വായിക്കുകയും ജോലി പുനരാരംഭിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിന് മുമ്പ്, അദ്ദേഹം തന്റെ സ്വകാര്യ അപ്പാർട്ട്മെന്റിലെ ചാപ്പലിൽ പോയി, അവിടെ പ്രാർത്ഥനയിൽ സമയം ചെലവഴിക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തുവെന്ന് മാറ്റിയോ ബ്രൂണി പറഞ്ഞു.
അടുപ്പത്തിനും പ്രാർത്ഥനയ്ക്കും നന്ദി രേഖപ്പെടുത്തുകയാണെന്നു പാപ്പ അല്‍പ്പം മുന്‍പ് ട്വീറ്റ് ചെയ്തു. വത്തിക്കാന്‍ ഇന്നലെ അറിയിച്ചതുപോലെ പാപ്പ ഏതാനും ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തുടരുമെന്ന്‍ തന്നെയാണ് സൂചന. അതേസമയം ഏപ്രിൽ 2 ഓശാന ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ക്രമീകരിച്ചിരിക്കുന്ന പേപ്പല്‍ ശുശ്രൂഷ ഇതുവരെ റദ്ദാക്കിയിട്ടില്ല.