യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യ ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിക്കുന്നുവെന്ന ആശങ്കകള്‍ക്കിടെ ചൈനക്കെതിരെ തിരിഞ്ഞ് അമേരിക്ക. ലോകത്തെ ഏറ്റവും വലിയ ഹൈപ്പര്‍സോണിക് ആയുധ ശേഖരമുള്ളത് ചൈനയുടെ കൈവശമാണെന്നാണ് അമേരിക്കന്‍ ആരോപണം. ചൈനക്കൊപ്പം റഷ്യയും അതിവേഗത്തിലാണ് ഹൈപ്പര്‍സോണിക് ആയുധ ശേഖരം വിപുലപ്പെടുത്തുന്നതെന്നും അമേരിക്ക ആശങ്കപ്പെടുന്നു.
അമേരിക്കന്‍ ഡിഫെന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ പോള്‍ ഫ്രീഷ്‌ലര്‍ യുഎസ് ജനപ്രതിനിധികളോട് ഇങ്ങനെ വിശദീകരിച്ചു, ‘ചൈനയും റഷ്യയും ഹൈപ്പര്‍സോണിക് ആയുധങ്ങളുടെ നിരവധി പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിയിട്ടുണ്ട്. എന്നാല്‍ ഹൈപ്പര്‍സോണിക് ആയുധങ്ങളുടെ എണ്ണത്തിലും ശേഷിയിലും റഷ്യയേക്കാള്‍ മുന്നിലാണ് ചൈന. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി അതിവേഗത്തിലാണ് ചൈനയുടെ ഈ രംഗത്തെ മുന്നേറ്റം. ആണവായുധങ്ങളും അല്ലാത്തവയും വഹിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ ചൈനക്കുണ്ട്. വലിയ തോതില്‍ പണവും അധ്വാനവും ചെലവഴിച്ചാണ് ചൈന ഈ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്’.
ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലുകളാണ് ഹൈപ്പര്‍സോണിക് മിസൈലുകള്‍. അത്രയും വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പോലും ദിശ മാറ്റാന്‍ എളുപ്പം സാധിക്കുന്നവയാണ് ആധുനിക ഹൈപ്പര്‍സോണിക് മിസൈലുകള്‍. അതുകൊണ്ടുതന്നെ ഇവയെ റഡാറുകളും മറ്റു മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വഴി കണ്ടെത്തുക എളുപ്പമല്ല. അതുതന്നെയാണ് ചൈനയുടെ ഹൈപ്പര്‍സോണിക് മിസൈല്‍ രംഗത്തെ മുന്നേറ്റത്തെ അമേരിക്കയുടെ ആശങ്കയാക്കി മാറ്റുന്നതും.
ഹൈപ്പര്‍സോണിക് ആയുധങ്ങളുടെ ഗവേഷണങ്ങള്‍ക്ക് മാത്രമായി രണ്ട് കേന്ദ്രങ്ങള്‍ ചൈനയിലുണ്ട്. ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ പരീക്ഷിക്കുന്ന കുറഞ്ഞത് 21 വിന്‍ഡ് ടണലുകളും ചൈന നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ ചില വിന്‍ഡ് ടണലുകള്‍ക്ക് മാക് 12 (ശബ്ദത്തേക്കാള്‍ 12 ഇരട്ടി വേഗം) വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലുകളെ പോലും പരീക്ഷിക്കാനാവും.
1600 കിലോമീറ്റര്‍ വരെ ദൂരത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഗ്ലൈഡര്‍ സഹിതമുള്ള ഡിഎഫ് 17 പോലുള്ള മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകളും ചൈനീസ് ആയുധ ശേഖരത്തിലുണ്ട്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഡിഎഫ് 41ലും ദീര്‍ഘദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ള ഗ്ലൈഡറുണ്ട്. 2021 ജൂലൈയില്‍ ഇതിന്റെ പരീക്ഷണത്തിനിടെ ഭൂമിയെ വലം വച്ചെത്തിയതും വാര്‍ത്തയായിരുന്നു. രണ്ടായിരം കിലോമീറ്റര്‍ സഞ്ചരിക്കാനാവുന്ന DF-ZF ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിള്‍, ആണവായുധം വഹിക്കാന്‍ ശേഷിയുള്ള സ്റ്റാറി സ്‌കൈ 2 എന്നിവയും ചൈനയുടെ ഹൈപ്പര്‍സോണിക് ആയുധങ്ങളാണ്.
റഷ്യ യുക്രെയ്‌നെതിരെ കിന്‍സാല്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രയോഗിച്ചിരുന്നു. രണ്ടായിരം കിലോമീറ്റര്‍ അകലേക്ക് വരെ മാക് 10 വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നവയാണ് ഈ മിസൈലുകള്‍. മാക് 20 വേഗത്തില്‍ പതിനായിരം കിലോമീറ്ററിലേറെ ദൂരത്തിലേക്ക് സഞ്ചരിക്കാനാവുന്ന അവഗാര്‍ഡ് ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിളുകളും തങ്ങള്‍ക്കുണ്ടെന്ന് റഷ്യ അവകാശപ്പെടുന്നു. കപ്പലുകളില്‍ നിന്നും തൊടുക്കാവുന്ന സിര്‍കോണ്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് മാക് 8 വേഗത്തില്‍ വരെ സഞ്ചരിക്കാനാവും. വായുവില്‍ നിന്നും തൊടുക്കാനാവുന്ന ഹൈപ്പര്‍സോണിക് മിസൈലിനായുള്ള പരീക്ഷണങ്ങളും മോസ്‌കോ നടത്തുന്നുണ്ട്