ഒന്റാരിയോ: കാനഡയിൽ മുസ്‌ലിം പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയവർക്കുനേരെ കാറിടിച്ചുകയറ്റാൻ ശ്രമിച്ച കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ഒന്‍റാരിയോയിലെ മാർഖാമിലായിരുന്നു സംഭവം. 28കാരനായ ശരൺ കരുണാകരനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഏപ്രിൽ ആറിന് ഡെനിസൺ സ്ട്രീറ്റിലുള്ള ഇസ്‌ലാമിക് സൊസൈറ്റി ഓഫ് മാർഖാമിനു കീഴിലുള്ള പള്ളിയിലായിരുന്നു സംഭവം. പുലർച്ചെ ആറോടെയായിരുന്നു അക്രമി പള്ളിയുടെ പാർക്കിങ് കേന്ദ്രത്തിലേക്ക് കാറിടിച്ച് കയറ്റി പള്ളിയിലെത്തിയവരെ അപായപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ വിശ്വാസികൾക്കുനേരെ ഭീഷണി മുഴക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
കാനഡയിൽ ജോലിക്കെത്തിയ ശരൺ ടൊറന്റോയിലാണ് താമസിക്കുന്നത്. വിദ്വേഷ കുറ്റകൃത്യത്തിന് പൊലീസ് കേസെടുക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം യോർക്ക് റീജ്യനൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്റലിജൻസ് വിഭാഗത്തിന്റെയും ഹേറ്റ് ക്രൈം വിഭാഗത്തിന്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടാനായത്. ഇയാൾക്കെതിരെ അപകടകരമായി വാഹനമോടിക്കൽ, ആയുധവുമായി ആക്രമിക്കൽ, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ശരൺ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. നാളെ ഒന്റാരിയോ സുപീരിയർ കോടതിയിൽ പ്രതിയെ ഹാജരാക്കും.
വിദ്വേഷക്കുറ്റങ്ങൾക്കും അക്രമങ്ങൾക്കും ഇസ്‌ലാമോഫോബിയയ്ക്കും രാജ്യത്ത് സ്ഥാനമില്ലെന്ന് കാനഡ വാണിജ്യ മന്ത്രി മേരി ഇങ് പ്രതികരിച്ചു. മാർഖാം ഇസ്‌ലാമിക് സൊസൈറ്റിയിൽ നടന്ന വിദ്വേഷ കുറ്റകൃത്യവും വംശീയ നടപടിയും ആഴത്തിൽ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും അവർ പറഞ്ഞു. ‘മാർഖാമിലെയും കാനഡയിലെയും മുസ്‌ലിംകൾക്കൊപ്പം ഞാനുണ്ട്. റമദാൻ കാലത്ത് പള്ളികൾ കൂട്ടായ്മയുടെയും സമാധാനത്തിന്റെയും കേന്ദ്രങ്ങളാണ് പള്ളികൾ. എല്ലാവർക്കും സ്വന്തം ആരാധനാലയങ്ങളിൽ സുരക്ഷിതബോധം വേണം. ഈ ആക്രമണത്തിനും ഇസ്‌ലാമോഫോബിയയ്ക്കും നമ്മുടെ കനേഡിയൽ സമൂഹത്തിൽ സ്ഥാനമില്ല. എല്ലാവർക്കും രാജ്യത്ത് സുരക്ഷ ഉറപ്പാക്കാനായി നടപടികൾ തുടരും.’-മന്ത്രി അറിയിച്ചു.
ഇസ്‌ലാമോഫോബിയയെ തുടർന്നുള്ള ആക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നത് ശരിക്കും ആശങ്കപ്പെടുത്തുന്നതാണെന്ന് ഭവനകാര്യ മന്ത്രി അഹ്മദ് ഹുസൈൻ പ്രതികരിച്ചു. വിദ്വേഷത്തെ ജയിക്കാൻ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.